നികുതിവെട്ടിപ്പ് കേസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടു സ്ഥാപനങ്ങള്‍ കുറ്റക്കാരാണെന്നു മന്‍ഹാട്ടനില്‍ ജൂറി കണ്ടെത്തി. ട്രംപ് കോര്‍പറേഷന്റെയും ട്രംപ് പെയ്‌റോള്‍ കോര്‍പറേഷന്റെയും മേല്‍ ചുമത്തപ്പെട്ട എല്ലാ ക്രിമിനല്‍ കുറ്റങ്ങളും തെളിഞ്ഞതായി ജൂറി പറഞ്ഞു. കമ്പനി എക്‌സിക്യൂട്ടീവുകള്‍ക്കു ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയതായി രേഖകള്‍ ഉണ്ടാക്കി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സി ഇ ഓ വെയ്ല്‍സ്ബര്‍ഗിന്റെ കുട്ടികളുടെ ഫീ വരെ കമ്പനി നല്‍കി. ചെക്കുകളില്‍ ട്രംപ് തന്നെ ഒപ്പു വച്ചിട്ടുണ്ട്. അതേ സമയം അവരുടെ ശമ്പളത്തില്‍ കുറവ് വരുത്തുകയും ചെയ്തു.

വെയ്ല്‍സ്ബര്‍ഗ് സാക്ഷി മൊഴിയില്‍ കുറ്റങ്ങള്‍ പലതും സമ്മതിച്ചിരുന്നു. അദ്ദേഹത്തിന് ജയില്‍ ശിക്ഷ ലഭിക്കാം. നികുതി വെട്ടിക്കാന്‍ ബിസിനസ് റെക്കോഡുകളില്‍ കൃത്രിമം ഉണ്ടാക്കി. ഇതു പണത്തോടുള്ള അമിതമായ ആര്‍ത്തിയും വഞ്ചനയുമാണ്, മന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റോണി ആല്‍വിന്‍ ബ്രാഗ് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപോ കുടുംബാംഗങ്ങളോ കേസില്‍ പ്രതികളല്ല. എന്നാല്‍ അദ്ദേഹത്തിന്റെ പേര് വിചാരണവേളയില്‍ ഉടനീളം പ്രോസിക്യൂട്ടര്‍മാര്‍ ഉന്നയിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് ഒന്നും അറിഞ്ഞില്ല എന്ന വാദം ഒരിക്കലും സത്യമല്ല.

ബ്രാഗ് തന്നെ വേട്ടയാടുകയാണെന്നു വിധി വരുന്നതിനു മുന്‍പ് ട്രംപ് തന്റെ സാമൂഹ്യ മാധ്യമമായ ട്രൂത് സോഷ്യലില്‍ പറഞ്ഞു. ന്യു യോര്‍ക്കില്‍ കൊലയും അക്രമങ്ങളും സര്‍വകാല റെക്കോഡാണ്, പക്ഷെ ഡി എ ഓഫീസില്‍ ട്രംപിനെ വേട്ടയാടി സമയം കളയുകയാണ്. ജനുവരി മധ്യത്തോടെ വിധി പ്രഖ്യാപിക്കുമ്പോള്‍ ട്രംപ് ഓര്‍ഗനൈസേഷനു $ 1.61 മില്യണ്‍ പിഴ ലഭിക്കാം. കമ്പനി പിരിച്ചു വിടാന്‍ നിയമം ഇല്ലെങ്കിലും ബിസിനസ് തുടര്‍ന്ന് പോകാന്‍ ബുദ്ധിമുട്ടാവും.
അപ്പീല്‍ പോകുമെന്ന് അഭിഭാഷകര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here