യൂണിവേഴ്സിറ്റി ഓഫ് ഐഡഹോയിലെ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായകമാവുന്ന വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നുവെന്ന് കരുതുന്നവരെ ഉടന്‍ കണ്ടെത്തുമെന്ന് പോലീസ്. സംഭവ ദിവസം പരിസരത്തു ഒരു കാറില്‍ കാണപ്പെട്ടവരെ ചോദ്യം ചെയ്യുമെന്നാണ് മോസ്‌കൊ പൊലീസ് അറിയിച്ചത്. കൊല്ലപ്പെട്ടവര്‍ താമസിച്ചിരുന്ന കിംഗ് സ്ട്രീറ്റിലെ വാടക കെട്ടിടത്തിനു സമീപത്തു 2011-2013 മോഡല്‍ വെള്ള ഹ്യുണ്ടായ് എലാന്‍ട്ര കാര്‍ കണ്ടിരുന്നു എന്നു സൂചന കിട്ടിയിട്ടുണ്ട്. നവംബര്‍ 13 അര്‍ധരാത്രി കഴിഞ്ഞാണ് കൊലകള്‍ നടന്നത്.

പുലര്‍ച്ചെ കെട്ടിടത്തിനടുത്തു ഈ കാര്‍ കാണപ്പെട്ടതായി വിവരം കിട്ടിയിട്ടുണ്ട്. ഈ കേസില്‍ നിര്‍ണായകമാവുന്ന വിവരങ്ങള്‍ കാറിലുണ്ടായിരുന്നവര്‍ക്കു നല്‍കാന്‍ കഴിഞ്ഞേക്കും. കേസില്‍ സംശയിക്കുന്ന ഒരാളെ പോലും ചൂണ്ടിക്കാട്ടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. യൂണിവേഴ്സിറ്റിക്കടുത്തു രണ്ടു വാടക കെട്ടിടങ്ങളിലായി താമസിച്ചിരുന്ന മാഡിസണ്‍ മൊഗെന്‍ (21), കയ്ലി ഗോണ്‍സാല്‍വസ് (21), സനാ കെറോന്‍ഡ്ലി (20), എതാന്‍ ചാപ്പിന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഉറങ്ങി കിടക്കുമ്പോള്‍ കൊലയാളി കത്തിക്കു കുത്തി കൊന്നു എന്നാണ് നിഗമനം.

കൊലയാളിയെ കുറിച്ച് ഒരു വിവരവും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനായിട്ടില്ല. സമൂഹത്തിനു ഭീഷണിയില്ല എന്ന് പോലീസ് ആദ്യം പ്രസ്താവിച്ചിരുന്നുവെങ്കിലും പിന്നീട് തിരുത്തി. കൊലയാളിയെ കണ്ടുകിട്ടാത്തതു കൊണ്ട് കരുതലോടെ ഇരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘കൊലയാളിയെന്നു സംശയിക്കുന്ന ആരെയും ഇതുവരെ കിട്ടിയിട്ടില്ല. പക്ഷെ അയാള്‍ സ്വതന്ത്രനായി നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സമൂഹത്തിനു ഭീഷണിയില്ലെന്നു ഞങ്ങള്‍ക്കു പറയാന്‍ വയ്യ’. എന്നായിരുന്നു മോസ്‌കോ പൊലീസ് ചീഫ് ജെയിംസ് ഫ്രൈ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here