അര്‍ദ്ധരാത്രി റോഡിലൂടെ നടന്നതിന് ദമ്പതികള്‍ക്ക് പിഴ ചുമത്തിയ സംഭവത്തില്‍ പൊലീസിനെതിരെ നടപടി. കര്‍ണാടകയിലാണ് സംഭവം. ദമ്പതികളില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു പിറന്നാള്‍ ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസിന്റെ പിങ്ക് ഹൊയ്സാലാ വാഹനത്തിലെത്തിയവര്‍ ഇവരില്‍ നിന്ന് പിഴ ഈടാക്കിയത്.

കാര്‍ത്തിക് പത്രി എന്നയാളാണ് വിഷയത്തില്‍ ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ സഹായം ആവശ്യപ്പെട്ട് ട്വിറ്റ് ചെയ്തത്. കാര്‍ത്തിക് പറയുന്നതനുസരിച്ച് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയായിരുന്നു സംഭവം. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തതിനു ശേഷം കാര്‍ത്തികും ഭാര്യയും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി 12.30ഓടെ നടന്നു പോകുമ്പോള്‍ ഒരു പൊലീസ് വാഹനം എത്തി. പൊലീസ് യൂണിഫോമിലുള്ള രണ്ടുപേര്‍ ഇറങ്ങി ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ ഫോണുകള്‍ പിടിച്ചുവാങ്ങിയ ശേഷം ചോദ്യം ചെയ്യാന്‍ ആരംഭിച്ചതായി കാര്‍ത്തിക് ആരോപിച്ചു. ഇതിനിടെ ഒരു ഉദ്യോഗസ്ഥന്‍ ചലാന്‍ ബുക്കെടുത്ത് എഴുതാന്‍ തുടങ്ങി. 11 മണിക്ക് ശേഷം റോഡില്‍ കറങ്ങിനടക്കാന്‍ അനുവാദമില്ലെന്ന് കാണിച്ച് 3000 രൂപ പിഴ ചുമത്തി. പണം നല്‍കാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഭാര്യ കരഞ്ഞു തുടങ്ങിയതോടെ 1000 രൂപ നല്‍കിയാല്‍ മതിയെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here