(1) ചിറകുകള്‍ നഷ്ടപ്പെട്ട കേരളത്തിലെ നഴ്സുമാരെക്കുറിച്ച്
ആഷാ മാത്യു
രാഷ്ട്രത്തിന്റെ ആരോഗ്യ രഹസ്യം കുടുംബങ്ങളിലാണ് എന്ന് പറഞ്ഞുവെച്ചത് ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ ആണ്. ‘ദി ലേഡി വിത്ത് ദ ലാമ്പ്’ അഥവാ ‘വിളക്കേന്തിയ വനിത’, ഈ വിശേഷണം അവര്‍ സ്വന്തമാക്കിയത് കരുണയുടെ കയ്യൊപ്പുള്ള പെരുമാറ്റത്തിലൂടെയായിരുന്നു. ആതുര ശുശ്രൂഷയെന്ന സേവനമേഖലയെ ശാസ്ത്രതത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു തൊഴില്‍ മേഖലയായി വളര്‍ത്താനും കരുണയും ആര്‍ദ്രതയുമുള്ള മുഖം ഈ തൊഴിലിനു നല്‍കാനും ശ്രമിച്ചത് ഫ്‌ളോറന്‍സ് നൈറ്റിംഗേലാണ്. 1883-1886 കാലഘട്ടത്തില്‍ നടന്ന ക്രിമിയന്‍ യുദ്ധത്തില്‍ നഴ്സുമാരുടെ പരിശീലന ചുമതല വഹിച്ചിരുന്ന നൈറ്റിംഗേല്‍ പരുക്കേറ്റ പട്ടാളക്കാര്‍ക്ക് പരിചരണം നല്‍കാന്‍ ഊണും ഉറക്കവുമില്ലാതെ രാപകല്‍ പ്രവര്‍ത്തിച്ചു.
യുദ്ധക്കെടുതികളുടെ കൂരിരുട്ടില്‍ സേവനത്തിന്റെ പ്രകാശം പരത്തിയ ഫ്‌ളോറന്‍സ് നൈറ്റിംഗേലല്ലാതെ മറ്റാരാണ് ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയെന്ന വിശേഷണത്തിന് അര്‍ഹയാവുക! ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്. ഇന്ന് ലോകത്തെല്ലായിടത്തും വന്‍ ജോലിസാധ്യതയും പ്രാധാന്യവുമുള്ള മേഖലയാണ് നഴ്‌സിംഗ്. ഓരോ വര്‍ഷവും എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി കലാലയത്തിനു പുറത്തിറങ്ങുന്നു.
സ്വന്തം ജീവന്‍ വകവയ്ക്കാതെ, രോഗികളുടെ ജീവന്റെ കാവലാളുകളായി രാപ്പകല്‍ വിശ്രമമില്ലാത്ത ജോലി ചെയ്യുന്നവരാണ് നഴ്‌സുമാര്‍. പരിമിതികളോടോ പരാധീനതകളോടോ പരിഭവമില്ലാതെ സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്നവര്‍. അവര്‍ ജീവന്റെ കാവലാളുകളാണ്. കനിവിന്റെ മാലാഖമാര്‍ എന്ന് ലോകമവരെ സ്‌നേഹത്തോടെ വിളിക്കുന്നു.

എന്നാലിത്രയൊക്കെ വിശേഷണങ്ങള്‍ നല്‍കുമ്പോള്‍ സ്വന്തം രാജ്യത്ത്, ഭാരതത്തില്‍ നഴ്‌സുമാര്‍ എത്രകണ്ട് അംഗീകരിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഇനിയും വിചിന്തനങ്ങള്‍ ആവശ്യമായിരിക്കുന്നു. ഇന്ത്യയിലെ സ്വകാര്യ മേഖലയില്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം ഇന്നും ഒരു പ്രശ്‌നമായി തുടരുന്നുണ്ട്. ഇതുമായി ബന്ധപെട്ട് ഒട്ടനേകം സമരങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ത്യയൊട്ടാകെ പലതവണയാണ് നഴ്സുമാര്‍ സമരം നടത്തിയത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിലും നഴ്‌സുമാര്‍ വേതന വര്‍ദ്ധനവിനായി മുദ്രാവാക്യവുമായി തെരുവിലിറങ്ങി. ആശുപത്രി മാനേജ്‌മെന്റുകളുടെ ഭീഷണിയും കറുത്ത മുഖവും ജോലി തെറിപ്പിക്കുമെന്ന വെല്ലുവിളികളെയുമെല്ലാം അതിജീവിച്ച് നഴ്‌സുമാര്‍ സമരം തുടര്‍ന്നു. 2016 ജനുവരിയിലാണ് വെള്ളയുടുപ്പിട്ട മാലാഖമാര്‍ ആദ്യമായി തങ്ങളുടെ നിലനില്‍പ്പിനായി തെരുവിലേക്കിറങ്ങിയത്.

സമരം ശക്തമായതോടെ തൊഴില്‍വകുപ്പു കമ്മിഷണറിനെ അധ്യക്ഷനാക്കി സര്‍ക്കാര്‍ രൂപം നല്‍കിയ അവലോകനസമിതി നഴ്‌സുമാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതേത്തുടര്‍ന്ന് നടപടി ഉണ്ടാകുകയും ചെയ്തു. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 ആക്കാന്‍ ശുപാര്‍ശയുണ്ടായി. ശമ്പളക്കാര്യത്തിലെ പരാതികള്‍ക്കെല്ലാം പരിഹാരം കണ്ട് വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പുവച്ചു. നഴ്സുമാരുടെ ആവശ്യങ്ങളില്‍ ഏറിയ പങ്കും സര്‍ക്കാര്‍ അംഗീകരിച്ചു. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാകുമെന്നതില്‍ തീര്‍പ്പുണ്ടായി. വന്‍കിട ആശുപത്രികളില്‍ ഇത് ഇരട്ടിയിലധികമായി മാറുമെന്നും വ്യക്തമാക്കി.

അതേസമയം സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ശമ്പള പരിഷ്‌കരണത്തെ അതിശക്തമായി എതിര്‍ത്തു. സ്വകാര്യ ആശുപത്രികള്‍ നിലനില്‍പ്പിനു ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ സാമ്പത്തികബാധ്യതയുണ്ടാക്കുന്ന നടപടികളിലേക്കു നീങ്ങാനാകില്ലെന്നുമായിരുന്നു വാദം. ശമ്പളപരിഷ്‌കരണം നടന്ന് അഞ്ചുവര്‍ഷമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മാനേജ്‌മെന്റുകളുടെ എതിര്‍പ്പ്. അതിനു മുന്‍പ് 2013ലായിരുന്നു ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും നഴ്‌സുമാരുടെയും ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 9500 രൂപയും കൂടിയ ശമ്പളം 12100 രൂപയുമാക്കിക്കൊണ്ടായിരുന്നു അന്ന് പരിഷ്‌കരണമുണ്ടായത്. ആ തുക ലഭിക്കാന്‍ വേണ്ടി കേരളത്തിലെ ആശുപത്രികളില്‍ നഴ്‌സുമാര്‍ അടിമകളെപ്പോലെ ജോലി ചെയ്യേണ്ടി വന്ന സാഹചര്യം മനപ്പൂര്‍വ്വം വിസ്മരിക്കപ്പെട്ടു.
തുടരും…
(ഇന്ത്യയിലെ നഴ്‌സിംഗ് മേഖലയിലെ നാള്‍വഴികളെക്കുറിച്ച് ചെയ്ത സ്‌പെഷ്യല്‍ സ്റ്റോറി ‘ജീവന്റെ കാവലാളായ മാലാഖമാര്‍’ അഞ്ച് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നതാണ്, ashamathew9515@gmail.com