അബുദാബി: രാജ്യത്തെ 2000 സ്‌കൂള്‍ ബസുകളില്‍ ക്യാമറ ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ച് യുഎഇ. ‘നിങ്ങളുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ്’ എന്ന പദ്ധതി പ്രകാരമാണ് രാജ്യത്തെ സ്വകാര്യ സ്‌കൂള്‍ ബസുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ ക്യാമറ സ്ഥാപിക്കുന്നതോടെ രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയാണ് സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. യുഎഇയിലെ 2,000 സ്വകാര്യ സ്‌കൂള്‍ ബസുകളാണ് നിലവില്‍ ക്യാമറ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ഡാറ്റ റെക്കോര്‍ഡ് ചെയ്യാന്‍ ബസ് സൂപ്പര്‍ വൈസര്‍മാര്‍ക്ക് 2000 ടാബ്ലറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. കുട്ടികള്‍ ബസില്‍ കയറുന്നതും വീട്ടിലെത്തുന്നതും കൃത്യമായി അറിയാന്‍ സംവിധാനം രക്ഷിതാക്കള്‍ക്ക് സഹായകമാകും.

ഇതിനകം 3,250 സ്‌കൂള്‍ ബസ് സൂപ്പര്‍ വൈസര്‍മാര്‍ക്ക് സംവിധാനം ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. ട്രാക്കിങ് സംവിധാനത്തില്‍ സ്‌കൂള്‍ ബസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ അധികൃതര്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. എല്ലാ സ്വകാര്യസ്‌കൂളുകള്‍ക്കും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. യുഎഇയിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് അധികൃതര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here