ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നൽകി ഗവർണർ അനുസിയ ഉയ്കെ. സംഘർഷത്തിന് ശമനമില്ലാത്തതിനാൽ സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിറക്കിയത്. അനുമതിയ്യ് അയച്ച് ഓർഡറിൽ ഗവർണർ ഒപ്പുവച്ചു.

സംഘർഷം നിയന്ത്രിക്കാൻ സൈന്യത്തെ രംഗത്തിറക്കിയിരുന്നു. ഇന്നലെരാത്രി സൈന്യം സംഘർഷ മേഖലയിൽ റൂട്ട് മാർച്ച് നടത്തി. എന്നാൽ ഇന്നും ആക്രമണങ്ങൾ തുടർന്നു.

നിരവധി ജില്ലകളിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. ഇംഫാൽ വെസ്റ്റ്, കാക്ചിങ്, തൗബാൾ, ജിരിബാം, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാംഗ്പോക്‌പി തുടങ്ങിയ ജില്ലകളിലാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഭൂരിപക്ഷ സമുദായമായ മെയ്തിയെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിർദേശത്തിനെതിരെയാണ് ന്യൂനപക്ഷ ഗോത്രവിഭാഗങ്ങൾ പ്രതിഷേധം ആരംഭിച്ചത്. ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ (എടിഎസ്എം) ഇന്നലെ ആഹ്വാനം ചെയ്ത ഗോത്ര സോളിഡാരിറ്റി മാർച്ചിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധക്കാർ നിരവധി വീടുകളും, വനംവകുപ്പിന്റെ ഓഫീസുകളുമൊക്കെ തീയിട്ട് നശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

 

സംഘർഷം രൂക്ഷമായതിന് പിന്നാലെ കേന്ദ്ര സർക്കാരിനോട് ബോക്സിംഗ് താരം മേരികോം സഹായം അഭ്യർത്ഥിച്ചിരുന്നു . ‘എന്റെ സംസ്ഥാനം കത്തുകയാണ്. ദയവായി സഹായിക്കണം.’- എന്ന് അഭ്യർത്ഥിച്ചുകൊണ്ട് സംഘർഷത്തിന്റെ ചിത്രങ്ങൾ സഹിതമായിരുന്നു മേരികോം ട്വീറ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here