
ആഷാ മാത്യു
ആരാകും ഫിലാഡല്‍ഫിയയുടെ അടുത്ത മേയര്‍? മത്സരം കടുക്കുമ്പോള്‍ സാധ്യതാ ലിസ്റ്റില്‍ പേരുകള്‍ മാറിമറിയുകയാണ്. എന്നാല്‍ ഫിലാഡല്‍ഫിയയിലെ പ്രവാസി മലയാളികള്‍ സംശയമേതുമില്ലാതെ ഉറപ്പിച്ചു പറയുന്നത് റെബേക്കാ റൈന്‍ഹാര്‍ട്ട് എന്ന പേരാണ്. റെബേക്കയുടെ വിജയമുറപ്പിച്ചുകൊണ്ട് പല പ്രവചനങ്ങളും ഉയരുന്നുണ്ട്. ഭാഗ്യം തുണക്കുകയാണെങ്കില്‍ ഫിലാഡല്‍ഫിയയുടെ ആദ്യത്തെ വനിതാ മേയറും നൂറാമത്തെ മേയറുമാകാനുള്ള സുവര്‍ണ്ണാവസരമാണ് റബേക്കയെ കാത്തിരിക്കുന്നത്. റബേക്ക റൈന്‍ഹാര്‍ട്ട് എന്ന പേര് ഇന്ന് ഏവര്‍ക്കും സുപരിചിതമാണ്.
എന്നാല്‍ ഇത്ര പോപ്പുലറല്ലാതിരുന്ന സമയത്തും റബേക്കയിലെ ഭാവി രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിഞ്ഞ മലയാളിയുടെ രാഷ്ടീയ ചിന്താഗതിയുടെ മുന്നേറ്റത്തിന് വളരെ കൃത്യമായൊരുദാഹരണം വളരെ മുന്‍പ് തന്നെ ഫിലാഡല്‍ഫിയയില്‍ സംഭവിച്ചിരുന്നു. ഗ്രേറ്റര്‍ ഫിലഡല്‍ഫിയയിലെ 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷം 2019 ല്‍ പ്രൗഢഗംഭീരമായിത്തന്നെ ആഘോഷിച്ചപ്പോള്‍ മുഖ്യാതിഥിയായി എത്തിയത് അന്ന് സിറ്റി കണ്‍ട്രോളര്‍ ആയിരുന്ന റബേക്ക റൈന്‍ഹാര്‍ട്ട് ആയിരുന്നു. സംഘടനാ ഭാരവാഹികളായ സുധാ കര്‍ത്താ, അലക്സ് ജോസ്, ജോബി ജോര്‍ജ് എന്നിവരാണ് അന്ന് റബേക്ക റൈന്‍ഹാര്‍ട്ടിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ മുന്നിട്ടിറങ്ങിയത്.
ഒരര്‍ത്ഥത്തില്‍ അത് കൃത്യമായൊരു രാഷ്ട്രീയ കണക്കുകൂട്ടലായിരുന്നു. സിറ്റി കണ്‍ട്രോളറായി മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്ന റബേക്ക എന്ന വനിതയില്‍ ഭാവിയിലെ മേയറിനെ വരെ കാണാന്‍ കഴിഞ്ഞ മലയാളിയുടെ രാഷ്ട്രീയ ചിന്താഗതിയുടെ മുന്നേറ്റം എന്നു തന്നെ പറയാം. രണ്ട് പതിറ്റാണ്ടിലേറെയായി ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസക്കാരനായ സുധാ കര്‍ത്താ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി വളരെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. മേയറായി റബേക്ക റൈന്‍ഹാര്‍ട്ട് തന്നെ വരുമെന്നാണ് തന്റെ വിശ്വാസമെന്നും അടുത്ത മേയറാകാന്‍ വേണ്ട എല്ലാവിധ നേതൃത്വഗുണങ്ങളുമുള്ള വ്യക്തിയാണ് അവരെന്നും റബേക്ക റൈന്‍ഹാര്‍ട്ടിന്റെ വിജയം ആഗ്രഹിക്കുന്നുവെന്നും സുധാ കര്‍ത്താ പറഞ്ഞു.
സിറ്റി കണ്‍ട്രോളര്‍ എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു റബേക്ക റൈന്‍ഹാര്‍ട്ട് കാഴ്ചവെച്ചതെന്ന് ജോബി ജോര്‍ജ് പറഞ്ഞു. തോക്ക് ഉപയോഗത്തില്‍ നിയന്ത്രണം വരുത്തുക, ക്രൈം റേറ്റ് കുറയ്ക്കുക, ദാരിദ്രം ഇല്ലാതാക്കുക എന്നതായിരുന്നു റബേക്കയുടെ പ്രധാന ലക്ഷ്യങ്ങള്‍. സുരക്ഷിതത്വത്തിന് അവര്‍ ഏറ്റവും പ്രാധാന്യം നല്‍കി. പബ്ലിക് സ്‌കൂള്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തി. വിവിധ സമൂഹങ്ങള്‍ വൃത്തിയായും സുരക്ഷിതമായും ജീവിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളുമൊരുക്കുന്നതിനും എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ നല്‍കി. സിറ്റി കണ്‍ട്രോളര്‍ എന്ന നിലയില്‍ സിറ്റി ഗവണ്‍മെന്റിന് അനാവശ്യ ചിലവുകള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയ റബേക്ക് റൈന്‍ഹാര്‍ട്ടിന് സമൂഹത്തിന്റെ നാനാവിധ ഭാഗങ്ങളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
മുന്‍ പെന്‍സില്‍വാനിയ സ്റ്റേറ്റ് ഗവര്‍ണറും ഫിലാഡല്‍ഫിയ മേയറുമായിരുന്ന എഡ് റെല്‍ഡല്‍, മുന്‍ മേയര്‍മാരായ ജോണ്‍ സ്ട്രീറ്റ്, മൈക്കള്‍ നട്ടര്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണ റബേക്ക റൈന്‍ഹാര്‍ട്ടിനുണ്ട്. ഫിലാഡല്‍ഫിയയിലെ ഏറ്റവും പ്രശ്സ്തമായ പത്രം ഫിലാഡല്‍ഫിയ എന്‍ക്വയററും തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സമൂഹത്തിനോട് അടുത്ത സൗഹൃദം സൂക്ഷിക്കുന്ന റബേക്ക ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുക്കാറുണ്ട്. മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഹൈന്‍ഹാര്‍ട്ട് ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അവരുടെ വിജയത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും ജോബി ജോര്‍ജ് പ്രതികരിച്ചു.
റബേക്ക റൈന്‍ഹാര്‍ട്ടിന്റെ വിജയം സുനിശ്ചിതമാണെന്ന് നാല്‍പത് വര്‍ഷമായി ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസക്കാരനായ വിന്‍സെന്റ് ഇമ്മാനുവല്‍ പറഞ്ഞു. നാല് പതിറ്റാണ്ടായി ഫിലാഡല്‍ഫിയയിലെ രാഷ്ട്രീയ രംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തുന്ന വിന്‍സെന്റ് ഇമ്മാനുവല്‍ രാഷ്ട്രീയത്തിലെ തന്റെ ദീര്‍ഘകാലത്തെ അനുഭവ പരിചയം കൊണ്ട് റബേക്ക റൈന്‍ഹാര്‍ട്ട് തന്നെ വിജയിക്കുമെന്നാണ് ഉറപ്പിക്കുന്നതെന്നും വ്യക്തമാക്കി. നേതൃത്വ ഗുണം കൊണ്ട് മേയറാകാന്‍ ഏറ്റവും അനുയോജ്യയായ വ്യക്തിയാണ് റൈന്‍ഹാര്‍ട്ട്, അതേസമയം നിലവിലെ സ്ഥാനാര്‍ത്ഥികളില്‍ ആരു ജയിച്ചാലും അവരെല്ലാവരും ഫിലാഡല്‍ഫിയയിലെ ഇന്ത്യന്‍ സമൂഹവുമായി വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണെന്നും വിന്‍സെന്റ് ഇമ്മാനുവല്‍ പറഞ്ഞു.
പെന്‍സില്‍വാനിയയിലെ ആബിങ്ങ്ടണിലെ റിഫോം ജൂത കുടുംബത്തിലാണ് റബേക്ക റൈന്‍ഹാര്‍ട്ട് ജനിച്ചത്. മിഡില്‍ബറി കോളേജില്‍ നിന്ന് ആര്‍ട്‌സ് ബിരുദവും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും നേടിയിട്ടുണ്ട്. സിറ്റി കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്നതിന് മുമ്പ്, ഫിലാഡല്‍ഫിയ സിറ്റി ഗവണ്‍മെന്റിലും സ്വകാര്യ മേഖലയിലും റൈന്‍ഹാര്‍ട്ട് ജോലി ചെയ്തിരുന്നു. 2008ല്‍, മൈക്കല്‍ നട്ടര്‍ മേയറായിരിക്കുന്ന സമയത്ത് ഫിലാഡല്‍ഫിയയുടെ സിറ്റി ട്രഷററായി. പിന്നീട് ബജറ്റ് ഡയറക്ടറായി, മഹാമാന്ദ്യത്തില്‍ നിന്ന് നഗരത്തിന്റെ സാമ്പത്തിക വീണ്ടെടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മേയര്‍ ജിം കെന്നിയുടെ ഭരണത്തില്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും റൈന്‍ഹാര്‍ട്ട് സേവനമനുഷ്ഠിച്ചു.
ഫിലാഡല്‍ഫിയ സിറ്റി കണ്‍ട്രോളര്‍ ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാണ് റൈന്‍ഹാര്‍ട്ട്. 2022 ഒക്ടോബര്‍ 18-ന്, റൈന്‍ഹാര്‍ട്ടിന്റെ ഓഫീസ് പുറത്തിറക്കിയ ഫിലാഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചെലവുകളുടെയും പ്രകടനത്തിന്റെയും അവലോകനം പോലീസിനെ ഏറെ വിവാദത്തിലാക്കിയിരുന്നു. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി 2022 ഒക്ടോബര്‍ 25-ന് റൈന്‍ഹാര്‍ട്ട് കണ്‍ട്രോളര്‍ സ്ഥാനം രാജിവച്ചു. റൈന്‍ഹാര്‍ട്ടിനെ കൂടാതെ ജെയിംസ് ഡിലിയണ്‍, വാറന്‍ ബ്ലൂം സീനിയര്‍, ആമേന്‍ ബ്രൗണ്‍, ജെഫ് ബ്രൗണ്‍, അലന്‍ ഡോംബ്, ഹെലന്‍ ജിം, ഡേവിഡ് ഓ, ചെറെല്‍ പാര്‍ക്കര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

