യുഎസ് പ്രസിഡന്റായി താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഡൊണാള്‍ഡ് ട്രംപിനു ഉടന്‍ മാപ്പു നല്‍കുമെന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍ വിവേക് രാമസ്വാമി. ട്രംപ് മത്സരത്തില്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എളുപ്പത്തില്‍ ജയിച്ചു കയറിയേനെ, അദ്ദേഹം പറഞ്ഞു. പക്ഷെ ഞാന്‍ രാഷ്ട്രീയത്തെക്കാള്‍ ആദര്‍ശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു.

ജയിച്ചാല്‍ അധികാരമേല്‍ക്കുന്ന 2025 ജനുവരി 20 നു തന്നെ ഞാന്‍ ട്രംപിനു മാപ്പു നല്‍കും. രാജ്യത്തു നിയമവാഴ്ച പുനഃസ്ഥാപിക്കയും ചെയ്യും. വൈറ്റ് ഹൗസില്‍ നിന്നു രഹസ്യ രേഖകള്‍ കടത്തിയെന്ന കേസില്‍ ട്രംപിനെതിരെ 37 കുറ്റങ്ങള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് ആരോപിച്ചതിനു പിന്നാലെയാണ് രാമസ്വാമിയുടെ പ്രസ്താവന വന്നത്. നീതിക്കു രണ്ടു തലങ്ങള്‍ സാധ്യമല്ലെന്നു രാമസ്വാമി പറഞ്ഞു. ട്രംപിനും ബൈഡനും തുല്യനീതിയാണ് വേണ്ടത്. ട്രംപ് നേരത്തെ രാമസ്വാമിയെ പ്രകീര്‍ത്തിച്ചു സംസാരിച്ചിരുന്നു.

ന്യൂ യോര്‍ക്ക് പോസ്റ്റുമായുള്ള അഭിമുഖത്തില്‍ രാമസ്വാമി ട്രംപിനെ കുറിച്ച് പറഞ്ഞത് ഇങ്ങിനെ: വളരെ ഉയര്‍ന്ന നിലവാരമുള്ള ആളാണ് അദ്ദേഹം. സുഹൃത്താണ്. ദേശീയ ഐക്യത്തെ കുറിച്ച് അദ്ദേഹത്തിനു താത്പര്യമുണ്ടെന്നു ഞാന്‍ സത്യമായി വിശ്വസിക്കുന്നു. കേസില്‍ ഡി ഓ ജെ യുടെ കാപട്യമാണ് കാണുന്നത്. ഭരിക്കുന്നവര്‍ പോലിസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാന്‍ ശ്രമിക്കുന്നത് സ്വീകാര്യമല്ല. അങ്ങിനെയൊരു രാജ്യമായി തരാം താഴാന്‍ നമുക്കാവില്ല. ഓരോ പൗരന്റെയും നേരെയുള്ള ആക്രമണമാണിത്.

ട്രംപിനെതിരെ കുറ്റങ്ങള്‍ കൊണ്ടുവന്നവര്‍ ബൈഡനെതിരെ നടപടി എടുക്കാത്തത് വിചിത്രമാണ്. ട്രംപിനെതിരായ കേസിനെ ഫ്‌ലോറിഡ ഗവര്‍ണറും മറ്റൊരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ റോണ്‍ ഡിസന്റിസും വിമര്‍ശിച്ചു. കുറ്റം ചുമത്തുന്നതിലും ഇരട്ടത്താപ്പുണ്ട്, അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളെ ആയുധം അണിയിക്കയാണ്. എന്നാല്‍ നോര്‍ത്ത് കരളിനയില്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സംസാരിച്ച ഡിസന്റിസ് ട്രംപിന്റെ പേരു പറഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here