ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 90 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ മോദി, നിലവിലെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 90.2 ദശലക്ഷം ഫോളോവേഴ്സാണ് നിലവില്‍ പ്രധാനമന്ത്രിക്കുള്ളത്. പട്ടികയില്‍ ലോക നേതാക്കളില്‍ ബറാക് ഒബാമക്ക് മാത്രമാണ് മോദിയേക്കാള്‍ ഫോളോവേഴ്‌സ് ഉള്ളത്.

അതേസമയം, മോദി തന്നെയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്ത്യക്കാരനും. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ട്വിറ്റര്‍ ബോസ് എലോണ്‍ മസ്‌ക് ആകെ ഫോളോ ചെയ്യുന്നത് 195 പേരെയാണ്. എന്നാല്‍ മസ്‌ക് പിന്തുടരുന്ന 195 പേരില്‍ ഒരാള്‍ നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ 2,589 പേരെ ഫോളോ ചെയ്യുന്നുണ്ട്. 2009-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഫോളോവേഴ്സ് അദ്ദേഹത്തിനുണ്ടായി. 2020 ജൂലൈയില്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പിന്തുടരുന്നവരുടെ എണ്ണം 60 ദശലക്ഷത്തിലെത്തിയിരുന്നു.

ജൂലൈ ഒമ്പതിന് വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പുറത്തുവിട്ട പട്ടികയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചയ്യുന്ന ആദ്യ 10 വ്യക്തികളില്‍ എട്ടാമനായി പ്രധാനമന്ത്രി മോദിയെ ചേര്‍ത്തിരിക്കുന്നത്. 86.6 ദശലക്ഷം ഫോളോവേഴ്സുള്ള മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും 84.1 ദശലക്ഷം ഫോളോവേഴ്സുള്ള അമേരിക്കന്‍ ഗായികയും നടിയുമായ ലേഡി ഗാഗയെയും പിന്തള്ളിയാണ് പ്രധാനമന്ത്രി മോദി എട്ടാം സ്ഥാനത്തെത്തിയത്.

147 ദശലക്ഷം ഫോളോവേഴ്സുമായി എലോണ്‍ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ 132.1 ദശലക്ഷം, ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ 112 ദശലക്ഷം, ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 108.9 ദശലക്ഷം ഫോളോവേഴ്‌സുമായി യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here