പ്രമുഖ എഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള 45-ാമത് യൂറോപ്യന്‍ എസ്സെ പുരസ്‌കാരം. ജൂണിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ലൊസാനില്‍ വെച്ചായിരുന്നു പുരസ്‌കാര ചടങ്ങ്. ആസാദി: ഫ്രീഡം, ഫാസിസം, ഫിക്ഷന്‍ എന്ന കൃതിയുടെ ഫ്രഞ്ച് വിവര്‍ത്തനമാണ് പുരസ്‌കാരത്തിനര്‍ഹമായത്. 18 ലക്ഷം രൂപയാണ് സമ്മാനത്തുക. പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് അരുന്ധതി റോയ്.

ലോസാന്‍ ആസ്ഥാനമായുള്ള ചാള്‍സ് വെയ്ലോണ്‍ ഫൗണ്ടേഷനാണ് 1975 മുതല്‍ യൂറോപ്യന്‍ എസ്സെ പുരസ്‌കാരം നല്‍കി വരുന്നത്. അമിന്‍ മലൂഫും സിരി ഹസ്റ്റ്വെഡുമാണ് മുന്‍ ജേതാക്കള്‍. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടുള്ള എഴുത്തുകാരിയുടെ പ്രതിബദ്ധതയെ അംഗീകരിക്കുന്നുവെന്ന് ജൂറി പ്രതികരിച്ചു. ഫാസിസത്തെയും അതിന്റെ ഘടനയെയും വിശകലനം ചെയ്തുകൊണ്ട് അരുന്ധതി റോയ് ഉപന്യാസത്തെ ഒരു പോരാട്ടമായി കണക്കാക്കുന്നുവെന്നും ജൂറി വിലയിരുത്തി. ഈ ഒരംഗീകാരത്തിലൂടെ ഇന്ത്യയിലെ പ്രസാധകര്‍ ഉപന്യാസ രൂപത്തെ തിരിച്ചറിയുകയും കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്‌തേക്കാമെന്നും വിലയിരുത്തലുകളുണ്ട്.

മാന്‍ ബുക്കര്‍ സമ്മാനത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയാണ് അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍) എന്ന കൃതിക്കാണ് 1997-ലെ ബുക്കര്‍ പുരസ്‌കാരം ലഭിച്ചത്. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണിത്. ആ വര്‍ഷം ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്. നോവല്‍ പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളില്‍ തന്നെ 350,000-ത്തിലധികം പ്രതികള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേക്ക് നോവല്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here