കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയുള്ളത് അഞ്ച് പേരെന്ന് സൂചന. ഇതിൽ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത രണ്ട് ബസ് ഡ്രൈവർമാരും ഒരു ഇതര സംസ്ഥാന തൊഴിലാളിയും ഉൾപ്പെടുന്നു. ബസ് ഡ്രൈവർമാരിൽ ഒരാൾ ജിഷയുടെ അയൽവാസിയാണ്. ഇയാളുടെ സുഹൃത്താണ് രണ്ടാമത്തെ ഡ്രൈവർ.

തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും. ജിഷയുടെ കൈവശമുണ്ടായിരുന്ന പെൻ ക്യാമറ മുമ്പ് പൊലീസ് പരിശോധിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ അമ്മയുടെ ദൃശ്യങ്ങൾ മാത്രമെ കണ്ടെത്താനായുള്ളു. ക്യാമറ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. ജിഷ കൊല്ലപ്പെട്ട ദിവസം സമീപ പ്രദേശത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തിയിരുന്നു. ഇവർ റെക്കോർഡ് ചെയ്‌ത ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ യഥാർത്ഥ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ജിഷയുമായി അടുപ്പമുള്ളയാളാണ് കൃത്യം ചെയ‌്തതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

അതേ സമയം ജിഷയുടെ വീട്ടിൽ നിന്നും സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്ത ആയുധങ്ങളുൾപ്പെടെയുള്ള തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ജിഷയുടെ സഹപാഠികളെയും അയൽവാസികളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്.

അതിനിടെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് നൽകാൻ അന്വേഷണ സംഘത്തിന് രണ്ടാഴ്‌ചത്തെ സമയം കോടതി അനുവദിച്ചു. ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here