പി പി ചെറിയാൻ

ന്യൂയോർക്: ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിനിടയിൽ ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട യുഎൻ രക്ഷാസമിതി പ്രമേയം ഒക്‌ടോബർ 18 ബുധനാഴ്ച അമേരിക്ക വീറ്റോ ചെയ്തു. ഗാസയിലേക്കുള്ള സഹായത്തിനായി അമേരിക്ക ശ്രമിക്കുന്നതിനിടയിൽ നടന്ന വോട്ടെടുപ്പിൽ12 അംഗങ്ങൾ കരട് പ്രമേയം അനുകൂലിച്ചു. എന്നാൽ റഷ്യയും ബ്രിട്ടനും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

“ഞങ്ങൾ നിലവിലുള്ള യുദ്ധത്തിന്റെ അവസ്ഥ തരണം ചെയ്യുന്നതിനായി കഠിനാധ്വാനം ചെയ്യുന്നു” എന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ ലിൻഡ തോമസ്-ഗ്രീൻഫീൽഡ് വോട്ടെടുപ്പിന് ശേഷം 15 അംഗ കൗൺസിലിനോട് പറഞ്ഞു. “ആ നയതന്ത്ര നീക്കങ്ങൾ വിജയിപ്പിക്കാൻ അനുവദിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പ്രമേയങ്ങൾ പ്രധാനമാണ്. അതോടൊപ്പം ഞങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെയും നയതന്ത്ര ശ്രമങ്ങളെളേയും പിന്തുണയ്ക്കുകയും വേണം. അതിന് ജീവൻ രക്ഷിക്കാനാകും” യുഎസ് അംബാസഡർ പറഞ്ഞു.

അതേസമയം വിമർശനവുമായി റഷ്യ രംഗത്തെത്തി. വാഷിംഗ്ടൺ പരമ്പരാഗതമായി തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രായേലിനെ സുരക്ഷാ കൗൺസിൽ നടപടികളിൽ നിന്ന് സംരക്ഷിക്കുന്നു എന്ന് അവർ കുറ്റപ്പെടുത്തി. “ഞങ്ങൾ ഒരിക്കൽ കൂടി അമേരിക്കൻ സഹപ്രവർത്തകരുടെ ഇരട്ടത്താപ്പിനു സാക്ഷികളായിരിക്കുന്നു,” റഷ്യയുടെ യുഎൻ അംബാസഡർ വാസിലി നെബെൻസിയ പറഞ്ഞു. അതിനിടയിൽ മാനുഷികത പരിഗണിച്ചു വെടിനിർത്തലിന് ആഹ്വാനം ചെയ്തു റഷ്യ തയ്യാറാക്കിയ പ്രമേയം തിങ്കളാഴ്ച പാസാക്കാനായില്ല.

ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലേക്കുള്ള മാനുഷിക സഹായം ലഭ്യമാക്കുന്നതിനും അടിയന്തര മാനുഷിക വെടിനിർത്തലിന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ബുധനാഴ്ച ആഹ്വാനം ചെയ്തു.

“വളരെ യഥാർത്ഥവും അത്യധികം അപകടകരവുമായ” സംഘർഷം വിപുലീകരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് യു.എൻ മിഡിൽ ഈസ്റ്റ് സമാധാന ദൂതൻ ടോർ വെന്നസ്‌ലാൻഡ് കൗൺസിലിനോട് പറഞ്ഞു. ഇസ്രായേൽ ഗാസയെ സമ്പൂർണ ഉപരോധത്തിന് വിധേയമാക്കുകയും ശക്തമായ ബോംബാക്രമണത്തിന് വിധേയമാക്കുകയും ചെയ്തു. ഒക്‌ടോബർ 7 ന് നടത്തിയ ആക്രമണത്തിൽ 1,400 പേരെ കൊല്ലുകയും ബന്ദികളെ പിടിക്കുകയും ചെയ്ത ഇസ്‌ലാമിക തീവ്രവാദി സംഘം ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നാണ് ഇസ്രയേലിന്റെ നിലപാട്. അതേസമയം മൂവായിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here