മയാമി: ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രഗത്ഭരായ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും ദലീമ ജോജോ എംഎല്‍എയും തിരി തെളിയിച്ചു. മാധ്യമ-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒത്തുചേരുന്ന സമ്മേളനം കേരളത്തിന് നേട്ടമാകുമെന്ന് ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തില്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് ഉള്ളതുപോലുള്ള ഉത്തരവാദിത്തമാണ് മാധ്യമങ്ങള്‍ക്കും ഉള്ളതെന്ന് ചടങ്ങില്‍ ദലീമ ജോജോയും പറഞ്ഞു.

അഭിമാനം തോന്നുന്ന നിമിഷം എന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് സുനില്‍ തൈമറ്റം പറഞ്ഞു. ഒന്നര പതിറ്റാണ്ട് മുമ്പാണ് ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യാത്ര ആരംഭിച്ചത്. ആദ്യമായി സംഘടനയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനം മയാമിയില്‍ നടക്കുന്നതിലും വലിയ അഭിമാനമുണ്ട്. രണ്ടുവര്‍ഷം മുമ്പ് ബിജു കിഴക്കേക്കൂറ്റില്‍ നിന്ന് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നു. പക്ഷെ, അംഗങ്ങളില്‍ നിന്നും മുന്‍ ഭാരവാഹികളില്‍ നിന്നും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ നിന്നുമൊക്കെയുള്ള പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമശ്രി പുരസ്‌കാര വിതരണം ഗംഭീരമായി കേരളത്തില്‍ നടത്താന്‍ കഴിഞ്ഞതും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിച്ച് ഗുരുവന്ദനം സംഘടിപ്പിക്കാന്‍ സാധിച്ചതും സംഘടനയെ സംബന്ധിച്ച് വലിയ നേട്ടമായെന്നും സുനില്‍ തൈമറ്റം ചൂണ്ടിക്കാട്ടി.

സമ്മേളത്തിന്റെ ഭാഗമായി അച്ചടിച്ച സൊവനീയര്‍ ഉദ്ഘാടനം ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് സുനില്‍ തൈമറ്റം സൊവനീയറിന്റെ പതിപ്പ് ചാണ്ടി ഉമ്മന് കൈമാറിയായിരുന്നു പ്രകാശനം. കവി മുരുകന്‍ കാട്ടാക്കട, മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, വിനോദ് ജോസ്, സ്മൃതി പരുത്തിക്കാട്, അഭിലാഷ് മോഹന്‍, ശരത് ചന്ദ്രന്‍, അയ്യപ്പദാസ്, ക്രിസ്റ്റീന ചെറിയാന്‍, ഷിബു കിളിത്തട്ടില്‍, പി.ശ്രീകുമാര്‍, സംഘടനയുടെ സെക്രട്ടറി രാജു പള്ളത്ത്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍, വൈസ് പ്രസിഡന്റ് ബിജു സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here