മയാമി: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദ കാരവന്‍ മാഗസിന്‍ എഡിറ്ററുമായിരുന്ന വിനോദ് ജോസ്. ഇന്ത്യയില്‍ ഉന്നത ജാതിക്കാര്‍ 12 ശതമാനമാണ്. ഈ 12 ശമതാനം ആളുകളാണ് ഇന്ത്യയിലുള്ള മാധ്യമങ്ങളിലെ 92 ശതമാനം ജോലിയും കൈകാര്യം ചെയ്യുന്നത്. അത്രക്ക് തീവ്രമാണ് ഇന്ത്യന്‍ മാധ്യമങ്ങളിലെ ജാതി സംസ്കാരം. ജാതി വൈവിധ്യത്തെ അംഗീകരിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇന്നും തയ്യാറായിട്ടില്ല. ചൂണ്ടിക്കാണിക്കാന്‍ ഒരു ദളിതനായ മാധ്യമ എഡിറ്റര്‍ നമുക്ക് മുന്നിലില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദി എത്തിയതിന് പിന്നാലെ മാധ്യമ രംഗത്ത് ഉണ്ടായിരുന്ന ജാതി വ്യവസ്ഥ കൂടുതല്‍ ശക്തമായി എന്നും വിനോദ് ജോസ് ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ മാധ്യമങ്ങളില്‍ കാലാകാലങ്ങളായി ഉണ്ടായിരുന്ന ജാതി മേധാവിത്വത്തിന് എതിരെയായിരുന്നു ദ കാരവന്‍ നിലപാട് എടുത്തത്. ജാതി വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ കാരവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവസരങ്ങള്‍ നല്‍കി. അത് കാരവന്റെ വളര്‍ച്ചയില്‍ ഉണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു. ഇന്ത്യയില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ ബോഫേഴ്സ് അഴിമതി പുറത്തുകൊണ്ടുവന്നത് ബീഹാറില്‍ നിന്നുള്ള ഒരു ദളിത് ജേര്‍ണലിസ്റ്റായിരുന്നു എന്നും അദ്ദേഹം പറ‍ഞ്ഞു. 

താഴ്ന്ന ജാതിക്കാരേടുള്ള അവഗണ ഉത്തരേന്ത്യയില്‍ പൊതുവെ തുടരുന്ന സമീപനമാണ്. കേരളത്തില്‍ എ.കെ.ജിയെ പോലുള്ള നേതാക്കള്‍ നമുക്കുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാരോട് ഇടപഴകിയതിന്റെ പേരില്‍ കുടുംബത്തില്‍ തന്നെ ഒറ്റപ്പെട്ടുപോയ നേതാവായിരുന്നു എ.കെ.ജി. അതുപോലെയുള്ള ഒരു നേതാവിനെ ഉത്തരേന്ത്യയില്‍ ചൂണ്ടിക്കാണിക്കാന്‍ ഉണ്ടാകില്ല എന്നും വിനോദ് ജോസ് പറഞ്ഞു.

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ സുവര്‍ണകാലം ഇപ്പോഴില്ല. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുമ്പോഴാണ് അത്തരം സാധ്യതകള്‍ കൂടുതലുള്ളത്. ഇന്ന് മാധ്യമങ്ങളെ വളരെ നന്നായി മാനേജ് ചെയ്യുന്ന നേതാവാണ് നരേന്ദ്ര മോദി. ദില്ലിയുടെ അധികാര തലപ്പത്തേക്ക് വരുന്നതിന് മുമ്പേ അത് നരേന്ദ്ര മോദി കൃത്യമായി നടപ്പാക്കി. മോദിയുടെ സമ്മര്‍ദ്ദത്തില്‍ ഭൂരിഭാഗം മാധ്യമ എഡിറ്റര്‍മാരും വീണു എന്നുതന്നെ പറയാം. ഇന്ന് സംഘപരിവാറിന്റേതായുള്ള ഒരു ഫില്‍ട്ടര്‍ മാധ്യമങ്ങള്‍ക്ക് മുകളിലുണ്ട്. അതാണ് ഇന്ത്യന്‍ മാധ്യമ രംഗത്തിന്റെ അവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here