മയാമി:  ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ അടിത്തറ ഇളകിയോ എന്ന വിഷയത്തില്‍ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യുട്ടീവ് എഡിറ്റര്‍ പി.ജി.സുരേഷ് കുമാര്‍. നരേന്ദ്ര മോദിയുടെ കാലത്ത് ഇന്ത്യയിലെ മാധ്യമങ്ങളുടെ പല്ലുംനഖവുമൊക്കെ കൊഴിഞ്ഞ് വാര്‍ത്തകള്‍ ഒരു ദിശയിലേക്ക് മാത്രം സഞ്ചരിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാരിന്റെ എന്തൊക്കെ വാര്‍ത്തകള്‍ പുറത്തുപോകണമെന്ന് മോദി തീരുമാനിക്കുന്നു. 

ദേശീയ തലത്തില്‍ നിലനില്‍ക്കുന്ന ഈ അപകടകരമായ സൂചനകള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സര്‍ക്കാരുലും ഉണ്ട്. മുഖ്യമന്ത്രിയായി എത്തിയ ശേഷം മാധ്യമങ്ങളോട് പിണറായി വിജയന്റ സമീപനം എന്തായിരുന്നു. “എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിങ്ങളെ വിളിക്കും, വഴിയില്‍ കമ്പുമായി ഇങ്ങനെ വന്ന് നില്‍ക്കണമെന്നില്ല”. ഇതാണ് മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇത്രയും മോശം പണിയാണോ മാധ്യമ പ്രവര്‍ത്തനം എന്ന് തോന്നിപ്പോയിട്ടുണ്ട്. 

മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് കമ്പുമായി പുറകേ പോകുന്നത് മാധ്യമങ്ങള്‍ നിര്‍ത്തി. മന്ത്രിസഭാ യോഗം കഴിഞ്ഞാല്‍ എല്ലാ ആഴ്ചയിലും മുഖ്യമന്ത്രിമാരുടെ വാര്‍ത്താ സമ്മേളനം നടക്കാറുണ്ട്. പിണറായി വിജയന്‍ വന്നതിന് ശേഷം അത് നിര്‍ത്തി. കൊവിഡ് കാലത്ത് നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കൊണ്ടുവന്ന നിയന്ത്രണം ഇപ്പോഴും തുടരുന്നു. പിന്നാലെ സെക്രട്ടറിയേറ്റിലേക്ക് മാധ്യമങ്ങള്‍ കയറുന്നതും വിലക്കി. അങ്ങനെ മാധ്യമങ്ങളെ എങ്ങനയൊക്കെ, എവിടെയൊക്കെ നിയന്ത്രിക്കാമോ അതൊക്കെ പിണറായി വിജയനും നടപ്പാക്കുന്നുണ്ട്. ഒരു കേസില്‍ ഏഴു തവണ ഒരു മാധ്യമ സ്ഥാപനത്തില്‍ റെയ്ഡ് നടന്ന സാഹര്യം കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും പിജി സുരേഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here