മയാമി: ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും ഗൗരവമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും വേദിയായ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം സമാപിച്ചു. മയാമിയിലെ ഹോളിഡേ ഇന്നില്‍ സമാപന ചടങ്ങ് ദലീമ ജോജോ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ സ്നേഹവും സൗഹൃദവുമൊക്കെ നമ്മുടെ കൊച്ചുകേരളത്തിന്റെ സംഭാവനയാണ്. ആ കരുതല്‍ എന്നും എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകണം. കേരളത്തില്‍ നിന്നും കിട്ടിയ നന്മകള്‍ മനസ്സില്‍ സൂക്ഷിച്ച് എല്ലാവരും മുന്നോട്ടുപോകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ദലീമ ജോജോ പറ‍ഞ്ഞു. ദുരന്തകാലങ്ങളില്‍ കേരളത്തെ താങ്ങി നിര്‍ത്തിയത് പ്രവാസികളാണ്. ആ പിന്തുണയും സഹയാവുമൊക്കെ കേരളത്തിന് തുടര്‍ന്നും ഉണ്ടാകണമെന്നും അമേരിക്കയിലെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി കേരളത്തിന് വേണ്ടി നിലകൊള്ളണമെന്നും ദലീമ ജോജോ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സമ്മേളനം വലിയ അനുഭവമായിരുന്നുവെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി. ഇത്തരം വേദികള്‍ ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ മുന്നോട്ടുള്ള യാത്രയില്‍ എന്നും ഒപ്പം ഉണ്ടാകുമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുനില്‍ തൈമറ്റം പറഞ്ഞു. ഹൃദയം കൊണ്ട് സംഘടനക്കൊപ്പം നില്‍ക്കുന്ന ഒരുപാട് പേര്‍ അമേരിക്കയില്‍ ഉള്ളിടത്തോളം കാലം ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക കൂടുതല്‍ ശക്തമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും സംഘടനക്ക് വേണ്ടി നിലകൊള്ളുക എന്നതുതന്നെയായിരിക്കും തന്റെ നിലപാട്. സംഘടനയുടെ മുന്‍കാല ഭാരവാഹികളെല്ലാം അതുതന്നെയാണ് പിന്തുടരുന്നത്. അതാണ് ഇന്ത്യ പ്രസ് ക്ളബിന്റെ വിജയമെന്നും സംഘടനയുടെ പുതിയ ഭാരവാഹിത്വം ഏറ്റെടുക്കുന്ന സുനില്‍ ട്രൈസ്റ്റാറിന്റെ നേതൃത്വത്തിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നും സുനില്‍ തൈമറ്റം പറഞ്ഞു. 

സുനില്‍ തൈമറ്റത്തിന്റെ നേതൃത്വത്തില്‍ ഗംഭീകരമായ സമ്മേളനമാണ് മയാമിയില്‍ സംഘടിപ്പിച്ചതെന്ന് ചടങ്ങില്‍ സംസാരിച്ച അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ് അഭിപ്രായപ്പെട്ടു. പുതിയ നേതൃത്വത്തിനുള്ള ആശംസയും അദ്ദേഹം അറിയിച്ചു.

വളരെ മികച്ച ചര്‍ച്ചയാണ് സമ്മേളനത്തില്‍ നടന്നതെന്ന് മാതൃഭൂമി ന്യൂസിലെ  അഭിലാഷ് മോഹന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരുപാട് ഗുണം ചെയ്ത് സമ്മേളനമായിരുന്നുവെന്നും അഭിലാഷ് മോഹന്‍ ചൂണ്ടിക്കാട്ടി. ബാഗ്ദാദ് എന്ന കവിത ചൊല്ലി യുദ്ധകാലത്തിന്റെ ഭീകരത സമാപന സമ്മേളനത്തില്‍ മുരുകന്‍ കാട്ടാക്കട അവതരിപ്പിച്ചു.

മാധ്യമരംഗത്തെ ശക്തിപ്പെടുത്താനുള്ള മുന്നേറ്റത്തിന്റെ തുടക്കമായി ഈ സമ്മേളനം മാറട്ടേ എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ജോസ് പറഞ്ഞു. 

സമ്മേളനം ആവേശകരമായിരുന്നുവെന്ന് കൈരളി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. വ്യക്തിജീവിതത്തിന് അപ്പുറം ഒരുപാട് അനുഭവങ്ങളുമായാണ് അമേരിക്കയില്‍ നിന്ന് മടങ്ങുന്നതെന്ന് ക്രിസ്റ്റീന ചെറിയാന്‍ പറഞ്ഞു. നല്ല അനുഭവമായിരുന്നു സമ്മേളനമെന്ന് മനോരമ ന്യൂസില്‍ നിന്നുള്ള അയ്യപ്പദാസ് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here