75-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. ഇന്ത്യൻ സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് കര്‍ത്തവ്യപഥ് സാക്ഷിയായി. നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം. ഇത്തവണത്തെ പരേഡില്‍ ‘വികസിത ഭാരതം’, ‘ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ്’ എന്നിവയായിരുന്നു പ്രമേയങ്ങള്‍. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. രാജ്യം പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോൺ മുഖ്യാത്ഥിയായ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ 90 അംഗ ഫ്രഞ്ച് സേനയും ഭാഗമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർത്തവ്യപഥിൽ എത്തിയത്.

സ്ത്രീ ശക്തി മുന്‍നിർത്തി ചരിത്രത്തിലാദ്യമായി നൂറിലധികം വനിതാ കലാകാരികള്‍ ഇന്ത്യൻ സംഗീതോപകരണങ്ങള്‍ വായിച്ച് പരേഡിന് തുടക്കം കുറിച്ചു. സംയുക്ത സേന, കേന്ദ്ര പോലീസ് സേന എന്നി വിഭാഗങ്ങളെ പ്രതിനിധീകരിച്ചത് മുഴുവനും വനിതകള്‍. ഫ്ലൈ പാസ്റ്റിലും വനിതാ പൈലറ്റുമാരാണ് പങ്കെടുത്തത്. സിആർപിഎഫ്, എസ്‍എസ്ബി, ഐടിബിപി എന്നിവയില്‍ നിന്നുള്ള വനിത സേനാഗങ്ങള്‍ ബൈക്ക് അഭ്യാസപ്രകടനം നടത്തി.

വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് എന്നീ രണ്ട് വിഷയങ്ങളിലായിരുന്നു പരേഡുകള്‍. പതിനാറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചു. മണിപ്പൂരും പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിച്ച് പങ്കെടുത്തു. അയോധ്യയിലെ രാംലല്ലയും നമോ ഭാരത് ട്രെയിനുമായിരുന്നു ഉത്ത‍ർപ്രദേശ് ദൃശ്യാവിഷ്കരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here