വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താൻ വാരാണസി ജില്ലാകോടതിയാണ് അനുമതി നൽകിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വി​ഗ്രഹങ്ങളിൽ പൂജ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം. അതേസമയം ജില്ലാ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് അന്‍ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു. ഹർജി തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ വാദം കേൾക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി.

പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വേക്കായി സുപ്രീം കോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ. പൂജ ഏഴ് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഹിന്ദു വിഭാഗം അഭിഭാഷകന്‍ അഡ്വ. വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു.

മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലിഖിതങ്ങളിൽ ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ എന്നിങ്ങനെ മൂന്ന് പേരുകൾ ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഗ്യാൻവ്യാപി പള്ളി മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വാരണാസിയിലെ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് എഎസ്ഐ സ്ഥിരീകരിച്ചെന്നും പള്ളി ക്ഷേത്രത്തിനായി ഹിന്ദു സമൂഹത്തിന് കൈമാറണമെന്ന് വിഎച്ച്പി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here