പി പി ചെറിയാന്‍

സിന്‍സിനാറ്റി: ഓഹിയോയില്‍ വീണ്ടും മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ശ്രേയസ് റെഡ്ഡിയെയാണ് ഇവിടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രേയസ്സിന്റെ മരണകാരണം അജ്ഞാതമായി തുടരുന്നു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയയാണ് ഇവിടെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിവേക് സൈനി, നീല്‍ ആചാര്യ എന്നിവരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥിയായിരുന്നു റെഡ്ഡി എന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അറിയിച്ചു.

‘ഓഹിയോയിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ശ്രേയസ് റെഡ്ഡി ബെനിഗേരിയുടെ നിര്‍ഭാഗ്യകരമായ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്. പോലീസ് അന്വേഷണം നടക്കുകയാണ്. കോണ്‍സുലേറ്റ് കുടുംബവുമായി ബന്ധം തുടരുകയും അവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നു,’ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരു പോസ്റ്റില്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here