കായംകുളം : ചപ്പു ചവറുകള്‍ക്കിടയില്‍ കത്തി അമര്‍ന്നത് എട്ട് കോടിയുടെ സൗഭാഗ്യമോ?. ആണെങ്കിലും അല്ലെങ്കിലും അതൊരു ദുഃസ്വപ്‌നമായിമാത്രം കാണാനാണ് കായംകുളം കൊയ്പ്പള്ളികാരായ്മ ശരണ്യ ഭവനില്‍ വിശാലിന് ഇഷ്ടം. എന്തായാലും ഒരു കാര്യം ഉറപ്പാണ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംമ്പര്‍ ലോട്ടറി ടിക്കറ്റ് വിശാല്‍ വാങ്ങിയത് തൃശൂരില്‍ നിന്നുതന്നെ. അതും കുതിരാനില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റയാളില്‍ നിന്ന്. സമ്മാനാര്‍ഹമായ ടിക്കറ്റുമായി ഇതുവരെ ആരും എത്തിയിട്ടുമില്ല. വിശാലിന്റെ നെഞ്ചിടിപ്പ് ഉയരുകയാണ്.

ലോട്ടറി ടിക്കറ്റ് മകന്‍ കളിപ്പാട്ടമാക്കാതിരിക്കാന്‍ തൃശൂരില്‍ നിന്ന് എത്തിയ ഉടനെ പഴയ ലാവ മൊബൈല്‍ ഫോണിന്റെ കവറില്‍ ഒളിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീടാകെ വൃത്തിയാക്കുമ്‌ബോള്‍ വിശാല്‍ വീട്ടിലുണ്ടായിരുന്നില്ല.

പഴയ ഫോണ്‍ കവര്‍ ചവറ്റുകുട്ടയില്‍ വീണു. എട്ട് കോടിയുടെ സൗഭാഗ്യത്തിനുള്ള സാദ്ധ്യത അതിനുള്ളിലുണ്ടെന്നറിയാതെ തീയിടുകയും ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് 19 ന് സുഹൃത്ത് അവിനാശിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കൂട്ടുകാരുമൊത്ത് സ്വന്തം കാറില്‍ തൃശൂരിലെത്തിയത്. തൃശൂര്‍ പാലക്കാട് റോഡില്‍ കുതിരാന്‍ ക്ഷേത്രത്തിന് മുന്നില്‍ പഴം വാങ്ങാന്‍ നിറുത്തിയപ്പോള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഏജന്‍സിയിലെ ചില്ലറ വില്പനക്കാരനായ സന്തോഷില്‍ നിന്ന് ടിക്കറ്റ് വാങ്ങി. സീരിയല്‍ നമ്ബര്‍ നോക്കിയപ്പോള്‍ ടി.സി തൃശൂരായതു കൊണ്ടാണോ ടി.സി സീരിയല്‍ നമ്ബരായതെന്ന് സന്തോഷിനോട് കുശലം പറഞ്ഞു.
തൃശൂര്‍ ഭാഗത്തെ ടിക്കറ്റുകള്‍ക്കാണ് ഭാഗ്യം കനിയുന്നതെന്ന് മറുപടി. സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ സന്തോഷിനെ കഴിഞ്ഞ ദിവസം ടി.വിയില്‍ കണ്ടപ്പോഴാണ് വിശാല്‍ ലോട്ടറിയുടെ കാര്യം ഓര്‍ത്തത്. പിന്നെ തെരച്ചിലായി. ഫോണ്‍ കവറില്‍ ടിക്കറ്റ് സൂക്ഷിച്ച കാര്യം അവസാനമാണ് ഓര്‍ത്തത്. അപ്പോഴേക്കും എല്ലാം ഒരുപിടി ചാരമായി മാറിക്കഴിഞ്ഞിരുന്നു.ദുബായില്‍ നിന്ന് ആറ് മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യ സോജ ദുബായില്‍ നഴ്‌സാണ്. വരുന്ന വിജയദശമിക്ക് ഏക മകന്‍ സിദ്ധാര്‍ത്ഥിനെ എഴുത്തിനിരുത്തിയിട്ട് മടങ്ങും. ‘ആ അദ്ധ്യായം അവസാനിച്ചു, സാരമില്ല’ വിശാല്‍ സ്വയം ആശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here