ന്യൂയോര്‍ക്: സൗത്ത് കരോലൈന ഗവര്‍ണര്‍ നിക്കി ഹാലിയെ യു.എന്നിലെ യു.എസ് അംബാസഡര്‍ സ്ഥാനത്തേക്ക് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. നിയമം സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ വേരുകളുള്ള ഈ 44കാരി പദവി സ്വീകരിക്കുമെന്നാണ് റിപോര്‍ട്ട്.  

സൗത്ത് കരോലൈനയില്‍ രണ്ടാംതവണയാണ് അവര്‍ ഗവര്‍ണറായി സേവനമനുഷ്ഠിക്കുന്നത്. വ്യാപാര-തൊഴില്‍ രംഗങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സമര്‍ഥയാണിവരെന്നാണ് വിലയിരുത്തല്‍.
അംബാസഡറാവുന്നതോടെ, ട്രംപിന്‍െറ കടുത്ത അനുയായിയായ ഹെന്‍റി മക്മാസ്റ്റര്‍ സൗത് കരോലൈന ഗവര്‍ണറാകും. ഇന്ത്യന്‍ ദമ്പതികളുടെ മകളായ നിക്കി ഹാലി ട്രംപിന്‍െറ കടുത്ത വിമര്‍ശകയായിരുന്നു.
കാബിനറ്റ് പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന സ്ഥാനവും നിക്കിക്കാണ്. കഴിഞ്ഞയാഴ്ച നിക്കി റിപ്പബ്ളിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍ വൈസ് ചെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എസ് തെരഞ്ഞെടുപ്പിന്‍െറ പ്രാഥമിക ഘട്ടങ്ങളില്‍ ട്രംപിന്‍െറ എതിരാളി മാര്‍കോ റൂബിയോക്കായിരുന്നു അവരുടെ വോട്ട്.  പ്രൈമറികള്‍ക്കു ശേഷമാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, ട്രംപുമായി വ്യക്തിവൈരാഗ്യമില്ളെന്നും ചില അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചതെന്നും അടുത്തിടെ അവര്‍ വെളിപ്പെടുത്തിയിരുന്നു.
ട്രംപ് ഹൗസിലെ കൂടിക്കാഴ്ചയില്‍ ചിരകാല സുഹൃത്തിനെപോലെയാണ് ട്രംപ് പെരുമാറിയതെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നീ പദവികളിലേക്കും നിക്കിയെ പരിഗണിച്ചിരുന്നു. സിഖ് മതക്കാരിയായിരുന്ന നിക്കി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതാണ്.  

1972ല്‍ യു.എസിലെ സൗത് കരോലൈനയിലാണ് ജനനം. ദേശീയ സൈനിക ക്യാപ്റ്റന്‍ മൈക്കിള്‍ ഹാലിയാണ് ഭര്‍ത്താവ്. രണ്ടു മക്കള്‍.പിതാവ്: അജിത് സിങ് രന്‍ഥാവ. മാതാവ്: രാജ് കൗര്‍.

LEAVE A REPLY

Please enter your comment!
Please enter your name here