വരാനിരിക്കുന്ന ഉത്തർപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയും സീറ്റ് പങ്കുവയ്ക്കൽ സൂത്രവാക്യം ഉപയോഗിക്കാൻ പദ്ധതിയെന്നു സൂചന. 2012 ൽ ഇതേ തന്ത്രം പ്രയോജനപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു കോൺഗ്രസ്സ് സമാജ്‌വാദി പാർട്ടിയുമായി കൈകോർക്കാൻ തുനിയുന്നതെന്നു പറയപ്പെടുന്നു.

സമാജ്‌വാദി പാർട്ടിയിലെ അടുത്തിടെയുണ്ടായ മാറ്റങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നു കോൺഗ്രസ്സ് പ്രതീക്ഷിക്കുന്നു. അഖിലേഷ് യാദവ് അതിനോടു സഹകരിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നതു ചർച്ചകൾക്ക് ചൂടേറ്റുന്നു.

പിന്നോക്ക സമുദായക്കാർ അഖിലേഷ് – രാഹുൽ സഖ്യത്തിനെ പിന്തുണയ്ക്കും. അതു 2019 ലെ പൊതുതെരഞ്ഞെടുപ്പിന് അനുകൂലമാകുന്ന അടിത്തറ സൃഷ്ടിക്കുമെന്ന് ഇരുകൂട്ടരും കരുതുന്നു. അതിനോടൊപ്പം പാർട്ടിയിലെ യുവജനങ്ങളുടെ മുന്നേറ്റം പ്രചാരണത്തിന് ഉപയോഗിക്കാമെന്ന മെച്ചവുമുണ്ട്. ബിജെപിയെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ബിജെപിയിലെ ഒരു മുതിർന്ന നേതാവിന്റെ നിഗമനം അനുസരിച്ച്, ഉത്തർ പ്രദേശിലെ 403 സീറ്റുകളിൽ സമാജ്‌വാദി പാർട്ടിയ്ക്ക് ആധികാരികത ലഭിക്കണമെങ്കിൽ രണ്ടു വഴികളേയുള്ളൂ. ഒന്നുകിൽ അച്ഛനും മകനും (മുലായവും അഖിലേഷും) തമ്മിലുള്ള പോരു നിർത്തുക. അല്ലെങ്കിൽ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കുക. രണ്ടുമില്ലെങ്കിൽ ഗുണം ചെല്ലുക മായാവതിയുടെ ബിഎസ്‌പിയ്ക്കായിരിക്കും.

രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായത്തിൽ സമാജ്‌വാദി പാർട്ടിയിലെ ഇപ്പോഴത്തെ അവസ്ഥ ചൂഷണം ചെയ്യലായിരിക്കും കോൺഗ്രസ്സിന്റെ പ്രധാന ലക്ഷ്യം. ഒരു സഖ്യം ഉണ്ടാക്കുക എന്നത് രണ്ടുകൂട്ടർക്കും അത്യാവശ്യമായനിലയിൽ പ്രത്യേകിച്ചും.

LEAVE A REPLY

Please enter your comment!
Please enter your name here