ന്യൂയോര്‍ക്ക്: സമഗ്ര സാമൂഹിക സേവനം പരിഗണിച്ച് ന്യൂയോര്‍ക്ക് സിറ്റിയിലെ സാമൂഹിക സേവകന്‍ ജോര്‍ജ് കൊട്ടാരത്തിന് നാസ്സോ കൗണ്ടിയുടെ പ്രശസ്തിപത്രം. കുടുംബ പ്രശ്‌നങ്ങളാലും മാനസിക പ്രശ്‌നങ്ങളാലും ആരോഗ്യ പ്രശ്‌നങ്ങളാലും ദുരിതമനുഭവിക്കുന്ന ധാരാളം ജനങ്ങള്‍ക്ക് ജാതി-മത-ദേശ ഭേദമെന്യേ സാന്ത്വനവും സഹായവും നല്‍കിവരുന്ന ജോര്‍ജ്ജ് കൊട്ടാരം, രണ്ട് പതിറ്റാണ്ടില്‍ ഏറെയായി ന്യൂയോര്‍ക്ക് സിറ്റിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് അഡ്മിനിസ്‌ട്രേഷനില്‍ സോഷ്യല്‍ വര്‍ക്കറായി പ്രവര്‍ത്തിക്കുന്നു. ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി അസോസ്സിയേഷന്റെയും ഇന്‍ഡ്യന്‍ നേഴ്‌സസ് അസോസ്സിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂഹൈഡ്പാര്‍ക്കില്‍ നടത്തപ്പെട്ട ഓണാഘോഷത്തിന്റെ വര്‍ണ്ണാഭമായ ചടങ്ങില്‍ വച്ച് നൂറ് കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തില്‍ നാസ്സോ കൗണ്ടി ക്ലാര്‍ക്ക് മൗറീന്‍ ഒ’കേണല്‍ പ്രശ്തിപത്രം സമ്മാനിച്ചു.

കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും എം.എസ്.ഡബ്ല്യൂവും സോഷ്യല്‍ സര്‍വ്വീസ് ഡിപ്ലോമയും കളമശേരി എസ്.സി.എം.എസ്. കോളേജില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി.ഡിപ്‌ളോമയും കരസ്തമാക്കിയിട്ടുള്ള ജോര്‍ജ്ജ്, തൊണ്ണൂറുകളുടെ ആദ്യം അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുമ്പും കേരളത്തില്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ ഏതാനും വര്‍ഷങ്ങള്‍ സാമൂഹിക സേവനം നടത്തിയിട്ടുണ്ട്. സി.എം.ഐ.സഭയുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ‘കുട്ടനാട് ഇന്റഗ്രേറ്റഡ് റൂറല്‍ ഡവലപ്‌മെന്റ് പ്രോജക്ടില്‍’ അഞ്ച് വര്‍ഷത്തോളം പ്രോജക്ട് ആഫീസറായി പ്രവര്‍ത്തിച്ചതിലൂടെ കുട്ടനാടന്‍ പ്രദേശങ്ങളിലെ ഏകദേശം 25,000 കുടുംബങ്ങളുടെ ഇടയില്‍ ജലജന്യ രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവും ആ പ്രദേശങ്ങളില്‍ വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് രോഗ നിവാരണവും രോഗ പ്രതിരോധവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. കത്തോലിക്ക സഭയുടെ വിവിധ സന്നദ്ധ സംഘടനയിലും ന്യൂയോര്‍ക്ക് സിറ്റി ഹൗസിങ് അതോറിറ്റിയിലും മാനസിക രോഗവിമുക്തരുടെ ഇടയിലും ധാരാളം സേവനം അനുഷ്ടിച്ചിട്ടുള്ള ജോര്‍ജ്ജിനെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് 2004-ല്‍ ‘എംബ്‌ളോയി ഓഫ് ദി ഇയര്‍’ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് സിറ്റി സോഷ്യല്‍ സര്‍വ്വീസ് യൂണിയന്റെ ലോക്കല്‍ യൂണിയന്‍ ഡെലഗേറ്റ് എന്ന നിലയില്‍ തൊഴിലാളികളുടെയും തൊഴില്‍ ദാതാക്കളുടെയും ഇടയില്‍ ഉടലെടുത്ത പല തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ജോര്‍ജ്ജ് നേതൃത്വം വഹിച്ചിട്ടുണ്ട്. ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് സെക്രട്ടറി, ഇന്‍ഡ്യന്‍ കാത്തലിക് അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറി, നോര്‍ത്ത് ബെല്ലറോസ് സിവിക് അസോസ്സിയേഷന്‍ അംഗം, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷ്ണല്‍ ചാരിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും ജോര്‍ജ്ജ് കൊട്ടാരം പ്രശസ്ത സേവനം കാഴ്ച വച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here