ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ നാലുലക്ഷം കടന്നു. മരണം 13,000ൽ ഏറെ. രോ​ഗികള്‍ മൂന്നുലക്ഷത്തിൽനിന്ന്‌ നാലുലക്ഷമായത്‌ എട്ട് ദിവസംകൊണ്ട്. നിലവിൽ പ്രിതിനം റിപ്പോര്‍ട്ട് ചെയ്യുന്നത് 14,000 രോ​ഗികളും നാനൂറിനടുത്ത്‌ മരണവും. അടച്ചിടല്‍ ഇളവ് നല്കിയ ജൂൺ എട്ടിനുശേഷമുള്ള 12‌ ദിവസത്തിനിടെ 1.43 ലക്ഷത്തിലേറെ രോ​ഗികള്‍, 5800ൽ ഏറെ മരണം.

ജനുവരി 30ന്‌ ആദ്യ കോവിഡ്‌ രോ​ഗി റിപ്പോർട്ടുചെയ്‌തശേഷം 109 ദിവസമെടുത്താണ്‌ ‌ആകെ രോ​ഗികള്‍ ഒരു ലക്ഷമെത്തിയത്‌. ‌ രണ്ടുലക്ഷമെത്താൻവേണ്ടി വന്നത്‌ 25 ദിവസം.10 ദിവസംകൊണ്ട്‌ മൂന്നുലക്ഷമെത്തി. ഇപ്പോൾ വേണ്ടിവന്നത് എട്ടു ദിവസംമാത്രം.

ഈ തോത് തുടർന്നാൽ അടുത്ത ഞായറാഴ്‌ചയോടെ രോ​ഗികള്‍ അഞ്ചുലക്ഷമാകും. നിലവിൽ മൂന്നുദിവസത്തിനിടെ ആയിരം മരണംവീതം റിപ്പോർട്ട്‌ ചെയ്യുന്നു‌. ഈ തോത് തുടർന്നാൽ അടുത്ത വെള്ളിയാഴ്‌ചയോടെ ആകെ മരണം 15,000 കടക്കും. രോ​ഗികളുടെ ആഗോള പട്ടികയിൽ നാലാമതാണ്‌ ഇന്ത്യ. കോവിഡ്‌ മരണങ്ങളില്‍ എട്ടാമതും. ഏഷ്യൻ രാജ്യങ്ങളിൽ മരണങ്ങളിലും രോ​ഗികളുടെ എണ്ണത്തിലും ഇന്ത്യയാണ്‌ മുന്നിൽ.

ഒറ്റദിനം 14,516 രോഗികള്‍
സംസ്ഥാനങ്ങളിലെ കണക്കു പ്രകാരം വെള്ളിയാഴ്ച 14,740 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 375 മരണം, 14,516 രോഗികള്‍. സർക്കാർ കണക്കിൽ ഒറ്റ ദിവസം ഇത്രയധികം രോ​ഗികള്‍ ആദ്യം‌. സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുപ്രകാരം വെള്ളിയാഴ്‌ച 14,740 രോ​ഗികള്‍. മഹാരാഷ്ട്രയ്ക്കു പുറമെ, ഡൽഹിയിലും പ്രതിദിന രോഗികള്‍ 3000 കടന്നു. മഹാരാഷ്ട്രയിൽ രോ​ഗികള്‍ ഒന്നരലക്ഷത്തിലേക്ക്. മരണം ആറായിരത്തോടടുത്തു. തമിഴ്‌നാട്ടിലും ഡൽഹിയിലും അര ലക്ഷം പിന്നിട്ടു. ഗുജറാത്ത് (26,000), ഉത്തർപ്രദേശ് (17,000), രാജസ്ഥാൻ (14,000), ബംഗാൾ (13,000 ), മധ്യപ്രദേശ്‌ (11,000) എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായി തുടരുന്നു. മുംബൈയിൽമാത്രം ആകെ രോ​ഗികള്‍ 65,000 കടന്നു. ഡൽഹി (55,000), ചെന്നൈ (39,000), അഹമ്മദാബാദ് (18,000) എന്നീ നഗരങ്ങളിലും സ്ഥിതി മോശം‌.

ഡല്‍ഹി, ഹരിയാന സ്ഥിതി തീവ്രം
ഡൽഹിയിലും അയൽസംസ്ഥാനമായ ഹരിയാനയിലും കഴിഞ്ഞയാഴ്ച കോവിഡ്‌ വ്യാപനം അതിതീവ്രമായി. ഒരാഴ്‌ചയ്ക്കിടെ ഡൽഹിയിൽ 16292 പുതിയ രോ​ഗികള്‍. വെള്ളിയാഴ്‌ചവരെയുള്ള ആകെ 53116 രോ​ഗികളില്‍ മൂന്നിലൊന്നിനും വൈറസ്ബാധയുണ്ടായത് ജൂൺ 13 മുതലുള്ള ഒരാഴ്‌ചയ്ക്കിടെ. ആകെ മരണത്തിന്റെ 40 ശതമാനത്തിലേറെ സംഭവിച്ചത് കഴിഞ്ഞ ആഴ്ചയില്‍. വെള്ളിയാഴ്‌ചവരെ മരണം 2036. ഒരാഴ്ചയ്ക്കിടെ മരണം 821‌.

കഴിഞ്ഞയാഴ്ച ഡൽഹിയേക്കാൾ രോ​ഗികളും‌ മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌ മഹാരാഷ്ട്രയിൽമാത്രം‌. എന്നാൽ, അവിടെ നേരത്തേതന്നെ രോ​ഗികൾ ക്രമാതീതമായി ഉയർന്നിരുന്നു. നിലവിൽ കോവിഡ്‌ വളർച്ചനിരക്ക്‌ കുറഞ്ഞ തോതിലാണ്. രോ​ഗവളർച്ചനിരക്കിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിൽ എട്ടാമതാണ്‌ ഡൽഹി. ഹരിയാനയില്‍ ആകെ രോ​ഗികളില്‍ മൂന്നിലൊന്നിനും വൈറസ്ബാധയുണ്ടായത് കഴിഞ്ഞയാഴ്ച. ജൂൺ 13നുശേഷമുള്ള ഏഴുദിവസങ്ങളിൽ 3409 പുതിയ രോ​ഗികള്‍. വെള്ളിയാഴ്‌ച ആകെ രോഗികള്‍ 9743‌. ആകെ 144 മരണത്തില്‍ 74ഉം ഒരാഴ്‌ചയ്ക്കിടെ.

ഹരിയാനയിൽ രോ​ഗികള്‍ പതിനായിരത്തോട്‌ അടുത്തതോടെ‌ ഏറ്റവും കൂടുതൽ രോ​ഗികളുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. ഗുഡ്‌ഗാവ്‌, ഫരീദാബാദ്‌ മേഖലകളിലാണ്‌ ഹരിയാനയിൽ കോവിഡ്‌ സ്ഥിതി രൂക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here