കുവൈത്ത്​ സിറ്റി: വിദേശരാജ്യങ്ങളിൽനിന്ന്​ പ്രവാസി മലയാളികളുടെ മടക്കം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. തിരിച്ചുവരുന്നവർ കോവിഡ്​ പരിശോധന നടത്തി നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്ന കേരള സർക്കാറി​​​െൻറ ഉത്തരവാണ്​ പ്രതിസന്ധിയായി തുടരുന്നത്​. ജൂൺ 20 മുതൽ ഇത്​ ബാധകമാവുമെന്ന്​ നേര​േത്ത അറിയിച്ചിരുന്നെങ്കിലും വിവാദമായതിനെ തുടർന്ന്​ 25 വരെ ഇളവ്​ നൽകി. അതിനുള്ളിൽ പരിശോധനക്ക്​ സൗകര്യമേർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. ട്രൂനാറ്റ്​ റാപിഡ്​ ടെസ്​റ്റാണ്​ സംസ്ഥാന സർക്കാർ നിർദേശിച്ചത്​. എംബസി വഴി പരിശോധനക്ക്​ സൗകര്യമേർപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ കത്തും നൽകി. എന്നാൽ, ഇത്​ ​അപ്രായോഗികമാണെന്ന്​ ചൂണ്ടിക്കാട്ടി കേന്ദ്രം ഇൗ നിർദേശം തള്ളി.

എംബസികളുമായി ആശയവിനിമയം നടത്തിയാണ്​ ഇത്​ അപ്രായോഗികമാണെന്ന്​ കേന്ദ്രം അറിയിച്ചത്​. ട്രൂനാറ്റ്​ പരിശോധന അപ്രായോഗികമാണെന്നും ഇത്​ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഗൾഫ്​ രാജ്യങ്ങൾ വ്യക്തമാക്കി. ഇനി സംസ്ഥാന സർക്കാറാണ്​ നിലപാട്​ വ്യക്തമാക്കേണ്ടത്​. പ്രവാസികളെ തിരിച്ചുവരാൻ അനുവദിക്കുകയും നാട്ടിലെത്തിയാൽ പരിശോധനക്കും ക്വാറൻറീനും സംവിധാനം ഏർപ്പെടുത്തുകയുമാണ്​ പ്രായോഗികമായ നിർദേശം. അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനാൽ സംഘടനകൾ പുതുതായി ചാർ​േട്ടഡ്​ വിമാനങ്ങൾ ഏർപ്പെടുത്താൻ മടിക്കുകയാണ്​. ഇനിയും നിരവധി പേർ നാട്ടിലേക്കുള്ള മടക്കം ആഗ്രഹിക്കുന്നുണ്ട്​.

വന്ദേഭാരത്​ മിഷനിൽ കൂടുതൽ വിമാനങ്ങൾ ഇല്ലാത്തതും പ്രവാസികളെ നിരാശരാക്കുന്നു​. വന്ദേഭാരത്​ വിമാനങ്ങളുടെ അപര്യാപ്​തത മൂലമാണ്​ അധിക നിരക്ക്​ നൽകി ചാർ​േട്ടഡ്​ വിമാനങ്ങളിൽ യാത്രചെയ്യാൻ ആളുകൾ തയാറാവുന്നത്​. അതിനിടക്ക്​ സംസ്ഥാന സർക്കാറി​​​െൻറ കോവിഡ്​ പരിശോധന ഉത്തരവോടെ അധിക നിരക്ക്​ നൽകിയാലും നാട്ടിൽ പോവാൻ കഴിയാത്ത സ്ഥിതി സൃഷ്​ടിച്ചു. ജോലിയും വരുമാനവും നഷ്​ടപ്പെട്ടും ​രോഗഭീതിയാലും കടുത്ത മാനസികസമ്മർദത്തിലാണ്​ ഗൾഫ്​ രാജ്യങ്ങളിൽ പ്രവാസികൾ കഴിയുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here