വാഷിങ്ടൻ: അമേരിക്കയിലെ ഉന്നത സൈനിക ബഹുമതിയായ ‘ദ് ലീജിയൻ ഓഫ് മെറിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചതിനും രാജ്യാന്തര ശക്തിയായി ഇന്ത്യയെ വളർത്താൻ നൽകിയ സേവനത്തിനുമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുരസ്കാരം.

ട്രംപിനെ നന്ദി അറിയിച്ച പ്രധാനമന്ത്രി മോദി, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങൾ നൽകിയ സംഭാവനയ്ക്കുള്ള അംഗീകാരമാണ് ബഹുമതിയെന്ന് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. മാനവരാശിക്ക് മുഴുവൻ നേട്ടമുണ്ടാക്കാൻ ഇന്ത്യ– യുഎസ് സൗഹൃദത്തിനു കഴിയും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.

വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ യുഎസിലെ ഇന്ത്യൻ അംബാസഡറായ തരൺജിത് സിങ് സന്ധു അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയനിൽ നിന്ന് ബഹുമതി ഏറ്റുവാങ്ങി. ഇന്ത്യയെ ലോകശക്തിയാക്കുന്നതിന് പ്രധാനമന്ത്രി മോദി നൽകുന്ന നേതൃത്വത്തിനുള്ള അംഗീകാരമാണ് ബഹുമതിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here