ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സീനുകളും ചികിത്സയ്ക്കുള്ള മരുന്നുകളും ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുൻകൈയെടുക്കുന്നതിനെ വികസിത രാജ്യങ്ങൾ ശക്തമായി എതിർക്കുന്നു. ബൗദ്ധിക സ്വത്തവകാശ (ഐപിആർ) വ്യവസ്ഥകൾ തൽക്കാലം മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കണമെങ്കിൽ അഭിപ്രായ ഐക്യം വേണമെന്നാണ് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ജനറൽ കൗൺസിലിന്റെ നിലപാട്.

വാക്സീൻ, പരിശോധനാ സംവിധാനങ്ങൾ, മരുന്നുകൾ, പിപിഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐപിആർ വ്യവസ്ഥകൾ മരവിപ്പിക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കഴിഞ്ഞ ഒക്ടോബർ 2ന് ആണ് ഡബ്ല്യുടിഒയിൽ നിർദേശം വച്ചത്. വ്യവസ്ഥകൾ മരവിപ്പിച്ചാൽ ഉൽപാദനം ഉദാരമാക്കാമെന്നും അതിലൂടെ ഉൽപന്നങ്ങളുടെ വില കുറയുമെന്നുമാണ് ഇന്ത്യയുടെയും മറ്റും വാദം. ഇതിനെ ലോകാരോഗ്യ സംഘടനയും നൂറിലേറെ രാജ്യങ്ങളും പിന്തുണയ്ക്കുന്നു.

യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയവയാണ് നിർദേശത്തിനെതിരെ രംഗത്തുള്ളത്. ഐപിആർ മരവിപ്പിക്കുന്നത് ഗവേഷണങ്ങളെ ബാധിക്കുമെന്നാണ് ഈ രാജ്യങ്ങളുടെ വാദം.

ഉൽപന്നങ്ങളുടെ ഉയർന്ന വിലയും പല വികസിത രാജ്യങ്ങളും വാക്സീൻ അമിത തോതിൽ വാങ്ങിക്കൂട്ടാൻ ശ്രമിക്കുന്നതുമാണ് വികസ്വര, അവികസിത രാജ്യങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്. ഫൈസർ വാക്സീൻ 2 ഡോസിന് യുഎസിൽ 39 ഡോളറെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഐപിആർ മരവിപ്പിച്ചാൽ ഇത് ഇന്ത്യയിൽ 3–4 ഡോളർ ചെലവിൽ ലഭ്യമാക്കാനാവും. കാനഡ ആ രാജ്യത്തെ ജനങ്ങൾക്ക് 9 തവണ വാക്സിനേഷൻ നടത്താവുന്ന തോതിലാണ് വാക്സീൻ ബുക്ക് ചെയ്തിട്ടുള്ളത്.

വികസിത രാജ്യങ്ങളുടെ മൊത്തം ജനസംഖ്യ 13 ശതമാനമാണ്. എന്നാൽ, ഈ രാജ്യങ്ങൾ, ലഭ്യമാകാവുന്ന വാക്സീനുകളുടെ 52% ബുക്ക് ചെയ്തുകഴിഞ്ഞു.

വ്യവസ്ഥകളനുസരിച്ച്, വ്യാപാര ബന്ധിത ബൗദ്ധിക സ്വത്തവകാശവുമായി (ട്രിപ്സ്) ബന്ധപ്പെട്ട ജനറൽ കൗൺസിലാണ് ഇപ്പോൾ ഇന്ത്യയുടെയും മറ്റും നിർദേശം ചർച്ച ചെയ്യുന്നത്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡബ്ല്യുടിഒ ജനറൽ കൗൺസിൽ അന്തിമ തീരുമാനമെടുക്കണം. നിലവിൽ അഭിപ്രായ ഐക്യമില്ലെന്ന് ട്രിപ്സ് കൗൺസിൽ അടുത്തിടെ റിപ്പോർട്ട് നൽകി. ഇനി അടുത്ത മാസം 19നും ഫെബ്രുവരി 4നും ട്രിപ്സ് കൗൺസിലും മാർച്ചിൽ ഡബ്ല്യുടിഒ കൗൺസിലും ചേരും. അതിനുമുൻപ് വികസിത രാജ്യങ്ങളുമായി അഭിപ്രായ ഐക്യം സാധ്യമാക്കാനാണ് ഇന്ത്യയുടെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here