ലക്നൗ: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ? ദേശീയ തലത്തിൽതന്നെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചോദ്യത്തിന് ആകുമെന്നോ ഇല്ലെന്നോ പറയാതെ ഒഴിഞ്ഞുമാറിയ പ്രിയങ്ക, താൻ എപ്പോഴും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

‘എന്റെ ഉത്തരവാദിത്തം ജനങ്ങളുടെ ഒപ്പമുണ്ടായിരിക്കുകയും അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്യുക എന്നതാണ്. ആളുകൾക്കായി ശബ്ദമുയർത്തേണ്ടത് എന്റെ കടമയാണ്. ഞാൻ പിന്നോട്ടു പോകില്ല, പോരാടിക്കൊണ്ടിരിക്കും. ഞാനൊരിക്കലും ജനങ്ങളെ ഒറ്റിക്കൊടുക്കുകയില്ല’– പ്രിയങ്ക പറഞ്ഞു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പ്രിയങ്ക ഇടയ്ക്കിടെ യുപി സന്ദർശിക്കുന്നുണ്ട്.
ഉത്തർപ്രദേശിൽ നടന്ന കർഷക സമരത്തിൽ പങ്കെടുത്ത പ്രിയങ്ക, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഹങ്കാരിയെന്നും ഭീരുവെന്നും വിമർശിച്ചു. സമരം ചെയ്യുന്ന ലക്ഷക്കണക്കിനു കർഷകരോടു മോദി ഇതുവരെ സംസാരിച്ചിട്ടില്ല. അതിനു കഴിയുന്നില്ലെങ്കിൽ അത് അദ്ദേഹത്തെ അഹങ്കാരിയാക്കുന്നു, ശരിയല്ലേ? പ്രതിഷേധത്തിനിടെ 215 കർഷകർ മരിച്ചു. പ്രധാനമന്ത്രി അനുശോചനം പോലും രേഖപ്പെടുത്തിയില്ല– പ്രിയങ്ക കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here