ന്യൂഡൽഹി : ലഖീംപൂർ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൗനവ്രത പ്രക്ഷോഭത്തിന്. ഒക്ടോബർ പതിനൊന്ന് തിങ്കളാഴ്ച രാവിലെ പത്തു മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുൻപിലോ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിലോ കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മൗനവ്രത സമരം നടത്തുക. മുതിർന്ന നേതാക്കളും, എംപിമാരും, എം എൽ എമാരും, പാർട്ടി ഭാരവാഹികളും മൗനവ്രതത്തിൽ പങ്കുചേരുമെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അറിയിച്ചു.

ലഖീംപൂരിൽ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ കാറോടിച്ചു കയറ്റി കർഷകരടക്കം എട്ടു പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. നേരത്തെ പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു.

രാജ്യം നടുങ്ങിയ ഒരു വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിനുത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് രാജ്യവ്യാപകമായി മൗനവ്രത സമരം സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here