കൊച്ചി : കെ പി സി സി ഭാരവാഹികളുടെ പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. പട്ടികയിൽ സ്ത്രീകളുടെയും യുവാക്കളുടേയും പ്രാധിനിധ്യം ഉണ്ടാകും. ഭാരവാഹികളെ നിയമിക്കുന്നതിൽ ജാതി, മത സമവാക്യങ്ങൾ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കളുമായുള്ള ചർച്ച ഫലപ്രദമായിരുന്നെന്നും ആവശ്യമെങ്കിൽ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറിമാരുടെ സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്ത്, വി എസ് ശിവകുമാർ, ജ്യോതികുമാർ ചാമക്കാല, വി ടി ബൽറാം അടക്കമുള്ളവരെ പരിഗണിച്ചേക്കും. ഗ്രൂപ്പിന് അതീതനായ ഒരാളെ സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് നീക്കം. അഞ്ച് കൊല്ലം ഭാരവാഹികളായിരുന്നവരെ ഒഴിവാക്കുമെന്നതിനാൽ തമ്പാനൂർ രവി, ജോസഫ് വാഴയ്ക്കൻ എന്നീ നേതാക്കളെ ഒഴിവാക്കിയേക്കും. പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവരെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

ഡി സി സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ വിമർശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് കരുതലോടെയാണ് കെ പി സി സിയുടെ നീക്കം. ഗ്രൂപ്പ് നേതാക്കൾ നൽകിയിരിക്കുന്ന പേരുകളിൽ ചിലത് പരിഗണിച്ചേക്കും. അഭിപ്രായ ഭിന്നത പരിഹരിക്കാൻ എല്ലാവരുടേയും അഭിപ്രായം പരിഗണിക്കുമെന്ന് താരിഖ് അൻവർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച നിർദ്ദേശത്തോട് യോജിപ്പാണെങ്കിലും തർക്കം ഒഴിവാക്കാനാണ് ഹൈക്കമാന്റിന്റെ ശ്രമം.

തങ്ങൾ നൽകിയ പേരുകൾ പൂർണ്ണമായും ഒഴിവാക്കുകയാണെങ്കിൽ പ്രതിഷേധിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഭാരവാഹികളുടെ എണ്ണവും മാനദണ്ഡവും കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ തീരുമാനങ്ങൾ ഏകപക്ഷീയമാണെങ്കിൽ പ്രതിഷേധിക്കുമെന്നും പട്ടിക ഔദ്യോഗികമായി പുറത്തുവിടുന്നതിനു മുമ്പ് കൂടിയാലോചന നടത്തണമെന്നും ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അധ്യക്ഷൻ ഉൾപ്പെടെ പരമാവധി 51 അംഗ കെ പി സി സി എന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. വൈസ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചായിരിക്കും ചുമതല. മൂന്ന് വൈസ് പ്രസിഡന്റുമാർ, 16 ജനറൽ സെക്രട്ടറിമാർ, 27 എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരാകും സമിതിയിൽ ഉണ്ടാകുക. സെമി കേഡർ സ്വഭാവത്തിലുള്ള പ്രവർത്തനങ്ങളുമായിട്ടായിരിക്കും കോൺഗ്രസ് ഇനി മുന്നോട്ടു പോകുക. സെക്രട്ടറിമാർ എക്‌സിക്യൂട്ടീവിൽ ഉണ്ടാകില്ല. അതിനാൽ സെക്രട്ടറിമാരെ ഇപ്പോൾ നിയമിക്കില്ലെന്നാണ് വിവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here