സൈനികർ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് ജമ്മു കശ്മീരിലെ ഹാൻഡ്‍വാഡയിൽ പീഡനത്തിനിരയായ പതിനാറുകാരി. പ്രദേശവാസികളായ യുവാക്കളാണ് ഉപദ്രവിച്ചത്. പിതാവിനൊപ്പമെത്തി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ നൽകിയ മൊഴിയിലാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

സംഭവ ദിവസം വൈകീട്ട് സ്കൂൾ വിട്ടതിന് ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. ഇതിനിടെ, പ്രാഥമികാവശ്യം നിർവഹിക്കാനായി സമീപത്തെ പൊതുശൗചാലയത്തിൽ കയറി. പുറത്തിറങ്ങിയപ്പോൾ രണ്ടു യുവാക്കൾ പെൺകുട്ടിയെ വലിച്ചു കൊണ്ടുപോയി. മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. മറ്റൊരു യുവാവ് പെൺകുട്ടിയുടെ ബാഗ് തട്ടിയെടുക്കുകയും ചെയ്തു. ഇയാൾ സ്കൂൾ യൂണിഫോമാണ് ധരിച്ചിരുന്നതെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കുട്ടിയുടെ മാതാവ് കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച് കുട്ടിയെ ഹാൻഡ്‌വാഡയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കാൻ ജമ്മു–കശ്മീർ ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടിയെ മൊഴി രേഖപ്പെടുത്താൻ സിജെഎമ്മിന് മുന്നിൽ എത്തിച്ചത്. ഏതു നിയമം അനുസരിച്ചാണു പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തതെന്നു വ്യക്തമാക്കണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ട‌ിരുന്നു.

അപമാനിതയായ പെൺകുട്ടിയുടേതെന്നു കരുതുന്ന വിഡിയോ കഴിഞ്ഞ ദിവസം സൈന്യം പുറത്തുവിട്ടതു കൂടുതൽ പ്രതിഷേധത്തിനിടയാക്കി. ഈ വിഡിയോയിലും സൈനികരല്ല മാനഭംഗപ്പെടുത്തിയതെന്ന് പെൺകുട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ തങ്ങളെ ഭീഷണിപ്പെടുത്തിയാണ് ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് കുട്ടിയുടെ മാതാവു പ്രതികരിച്ചത്.

ഈ മാസം 12നാണ് പെൺകുട്ടിയെ സൈനികർ മാനഭംഗപ്പെടുത്തി എന്ന വാർത്ത പരന്നത്. അതോടെ ഹാൻഡ്‌വാഡ, കുപ്‌വാര പ്രദേശങ്ങളിൽ സൈനികർക്കും പൊലീസിനുംനേരെ ആക്രമണമുണ്ടായി. തുടർന്നു സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും അക്രമം പടർന്നു. ഈ സംഭവങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here