മുംബൈ: റിലയൻസ് ഫൗണ്ടേഷനും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റും (യുഎസ്എഐഡി) വുമൺകണക്ട് ചലഞ്ച് ഇന്ത്യയുടെ രണ്ടാം റൗണ്ട് ഗ്രാന്റ് വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ലിംഗപരമായ ഡിജിറ്റൽ വിഭജനം അവസാനിപ്പിക്കാനും ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളെ പൂർണ്ണമായി പങ്കാളികളാക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് വുമൺകണക്ട് ചലഞ്ച് ഇന്ത്യ. സ്ത്രീകൾക്ക് സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനായി റിലയൻസ് ഫൗണ്ടേഷന്റെ ഗ്രാന്റായി ഒരു കോടി രൂപ വീതം വിവിധ ട്രസ്‌റ്റുകൾക്ക് പദ്ധതിയിലൂടെ നൽകുന്നു. തമിഴ്നാട് കേന്ദ്രീകൃതമായ എം എസ് സ്വാമിനാഥൻ ട്രസ്റ്റ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി ഏഴു ട്രസ്റ്റുകൾക്കാണ് ഒരു കോടി വീതം ഗ്രാന്റ് ലഭിച്ചത്. 260-ലധികം അപേക്ഷകരിൽനിന്നാണ് ഏഴ് സാമൂഹിക മേഖലാ സംഘടനകളെ തെരഞ്ഞെടുത്തത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റ് റിലയൻസ് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള വനിതാ സംരംഭകർ, കർഷകർ, സ്ത്രീകൾ നയിക്കുന്ന മൈക്രോ എന്റർപ്രൈസസ്, കൂട്ടായ്‌മകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവരെ സഹായിക്കാനും പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു.
പ്രമുഖരും സംഘടനകളും പങ്കെടുത്ത ‘ആക്സിലറേറ്റിംഗ് ഡിജിറ്റൽ ഇൻക്ലൂഷൻ: ബ്രിഡ്ജിംഗ് ദി ജെൻഡർ ഡിജിറ്റൽ ഡിവൈഡ് ഇൻ ഇന്ത്യ’ എന്ന പരിപാടിയിലാണ് ബുധനാഴ്ച വിജയികളെ പ്രഖ്യാപിച്ചത്.

“പരസ്പരബന്ധിതമായ ലോകത്തിന്റെ പ്രാധാന്യം യുണൈറ്റഡ് സ്റ്റേറ്റ്സ് തിരിച്ചറിയുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ സമഗ്രമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, പ്രതിരോധശേഷിയുള്ളതും ജനാധിപത്യ സമൂഹങ്ങളെ വളർത്തുകയും, ഏറ്റവും ദുർബലരായവരെ ഉൾപ്പെടെ എല്ലാവരെയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു ഭാവിയിലേക്കാണ് യുഎസ്എഐഡി പ്രവർത്തിക്കുന്നത്” ചടങ്ങിൽ സംസാരിച്ച യുഎസ്എഐഡി ഇന്ത്യ മിഷൻ ഡയറക്ടർ വീണാ റെഡ്ഡി പറഞ്ഞു. “വുമൺകണക്‌ട് ചലഞ്ച് ഇന്ത്യയുടെ ഒന്നാം റൗണ്ടിന്റെ വിജയത്തിൽ കൂടുതൽ വിപുലീകരണത്തിനുള്ള ലക്ഷ്യത്തിലാണ് യുഎസ്‌എഐഡി. ഡിജിറ്റൽ ടൂളുകൾ, പ്രത്യേക പരിശീലനം, ബിസിനസ് അവസരങ്ങൾ എന്നിവ എല്ലാവര്ക്കും ലഭ്യമാകുന്ന രീതിയിൽ വിപുലീകരിച്ച് ഡിജിറ്റൽ വിടവ് നികത്തുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതികൾ വിപുലീകരിക്കും”, വീണാ റെഡ്ഡി കൂട്ടിച്ചേർത്തു.

രണ്ടാം റൗണ്ട് വുമൺകണക്ട് ചലഞ്ച് ഇന്ത്യയിലൂടെ, 350,000 സ്ത്രീകൾക്ക് പിന്തുണ നൽകാൻ പദ്ധതി ലക്ഷ്യമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here