
ലോക്സഭയിൽ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ വർഗീയ പരാമർശം നടത്തിയ ബിജെപി അംഗം രമേഷ് ബിധുരിക്ക് പുതിയ ചുമതല നൽകിയ ബിജെപി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. വെറുപ്പിനുള്ള പാരിതോഷികമാണ് ബിധുരിക്ക് ലഭിച്ചതെന്ന് രാജ്യസഭാ എംപി കപിൽ സിബൽ പറഞ്ഞു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ടോങ്ക് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല ബിധുരിക്ക് നൽകാൻ ബിജെപി തീരുമാനിച്ചിരുന്നു.
വർഗീയ പരാമർശത്തിൽ ബിധുരി മാപ്പ് പറയണമെന്നും അംഗത്തിനെതിരെ നടപടിയെടുക്കണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയിരിക്കുന്നത്. പ്രസ്താവന വിവാദമായതിനെ തുടർന്ന് ബിധുരിക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകാൻ പാർട്ടി തീരുമാനിച്ചത്.
‘വിദ്വേഷത്തിനുള്ള ബിജെപിയുടെ പാരിതോഷികം. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവാച്യമായ വാക്കുകൾക്ക് കൊണ്ട് ഡാനിഷ് അലിയെ ആക്രമിച്ചതിനാണ് ഈ പ്രതിഫലം. രാജസ്ഥാനിലെ ടോങ്ക് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായാണ് ബിജെപി അദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്. ടോങ്കിലെ മുസ്ലീം ജനസംഖ്യ 29.25 ശതമാനമാണ്’-രാജ്യസഭാ എംപി കപിൽ സിബൽ ട്വീറ്റ് ചെയ്തു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്, ടിഎംസി എംപി മഹുവ മൊയ്ത്ര എന്നവരും വിമർശനവുമായി രംഗത്തെത്തി.
അതേസമയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് പുതിയ റോൾ നൽകുന്നതെന്നായിരുന്നു മഹുവ മൊയ്ത്രയുടെ ചോദ്യം. ഇതാണോ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള നരേന്ദ്ര മോദിയുടെ സ്നേഹപ്രകടനമെന്നും മഹുവ ചോദിച്ചു. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നത് ബിജെപിയുടെ വിഡ്ഢിത്തമാണെന്ന് ജയറാം രമേഷ് തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.