
ആയുഷില്‍ ഹോമിയോ ഡോക്ടര്‍ നിയമനത്തിന് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട വിവരം ആരോഗ്യമന്ത്രിയുടെ ഒാഫീസിനെ ധരിപ്പിക്കാന്‍ പോയതിന്‍റെ ചിത്രങ്ങള്‍ പരാതിക്കാരനായ ഹരിദാസിന്‍റെ സുഹൃത്ത് കെപി ബാസിത് പുറത്തുവിട്ടു. മന്ത്രിയുടെ പഴ്സണല്‍ സെക്രട്ടറി അഖില്‍ മാത്യുവിനെ പലവട്ടം ഫോണില്‍ വിളിച്ചിട്ടും നേരിട്ടു കാണാന്‍ തയാറാവുന്നില്ലെന്ന പരാതി പ്രൈവറ്റ് സെക്രട്ടറിയെ ധരിപ്പിച്ചതായും ബാസിത് പറയുന്നു.
നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ധരിപ്പിക്കുമെന്ന് പഴ്സണല്‍ അസിസ്റ്റന്‍റ് അഖില്‍ മാത്യുവിന് ഒാഗസ്റ്റ് 17ന് മുന്നറിയിപ്പ് നല്‍കി എന്നു പറയുന്ന എസ്എംഎസ് സന്ദേശമാണ് ബാസിത് പങ്കുവച്ചത്. തുടര്‍ന്ന് അന്നു തന്നെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. സജീവ് അടക്കമുളളവരെ നേരില്‍ കണ്ടും പരാതി ധരിപ്പിച്ചു.
നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും അഖില്‍ മാത്യു കൂടിക്കാഴ്ചക്ക് തയാറായില്ലെന്ന് ബാസിത് പറയുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെട്ട് രേഖാമൂലം പരാതി നല്‍കാന്‍ മന്ത്രിയുടെ ഒാഫീസില്‍ നിന്ന് ആവശ്യപ്പെട്ടു. ഈ മാസം 13നാണ് പരാതി തപാല്‍ മാര്‍ഗം മന്ത്രിയുടെ ഒാഫീസില്‍ എത്തിയത്. പരാതിക്കാരന്‍ ഹരിദാസ് കുമ്മാളിയുടെ സുഹൃത്തായ കെ.പി. ബാസിത് എഐഎസ്എഫ് മലപ്പുറം ജില്ല മുന്‍ പ്രസിഡന്റാണ്.