മുംബൈ: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് പുറംലോകം അറിയാതിരുന്ന മറ്റൊരു കൊലപാതകം കൂടി. ഓട്ടോ ഡ്രൈവറായ യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് മുംബൈ പൊലീസ് 23 കാരനെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറെ 23 കാരനും രണ്ടു കൂട്ടാളികളും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, മുംബൈ കുര്‍ലയ്ക്ക് സമീപം മിതി നദിയില്‍ മൃതദേഹം തള്ളിയെന്നാണ് കേസ്.

കേസില്‍ ജനുവരി 12 നാണ് പ്രതികള്‍ പൊലീസിന്റെ വലയിലാകുന്നത്. തന്റെ ഭാര്യയുമായി ഓട്ടോ ഡ്രൈവര്‍ക്ക് അവിഹിത ബന്ധമുണ്ടെന്ന മുഖ്യപ്രതിയുടെ സംശയമാണ് കൊലപാതകത്തിന് കാരണം. ഈ കേസില്‍ അറസ്റ്റിലായ കൂട്ടുപ്രതികളെ ചോദ്യം ചെയ്തപ്പോഴാണ്, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗോവണ്ടിയിലുള്ള മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറെ കൊന്ന് മൃതദേഹം നവിമുംബൈയിലെ ഓടയില്‍ തള്ളിയ കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതികളില്‍ നിന്നും രണ്ടു പിസ്റ്റളുകളും കത്തികള്‍ അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തി വരികയാണെന്നും മുംബൈ പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here