160 മില്യൺ രൂപ ബാങ്ക് മാനേജർ തട്ടിച്ചെടുത്തു എന്നു പരാതി. വർഷങ്ങളോളം യുഎസിലും ഹോങ്കോങ്ങിലുമായി ജീവിച്ച ശേഷം ഇന്ത്യയിൽ എത്തിയ ശ്വേത ശർമയാണ് പരാതിക്കാരി.

യുഎസ് അക്കൗണ്ടിൽ നിന്നു ഐ സി ഐ സി ഐ ബാങ്കിലെ അക്കൗണ്ടിലേക്കു പണം മാറ്റിയത് ഫിക്സഡ് ഡെപ്പോസിറ്റ് വഴി ആകർഷകമായ പലിശ കിട്ടുമെന്ന മാനേജരുടെ വാഗ്‌ദാനത്തിൽ കുടുങ്ങിയാണെന്നു അവർ ബി ബി സിയോട് പറഞ്ഞു. എന്നാൽ മാനേജർ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും തന്റെ ഒപ്പു വ്യാജമായി ചമയ്ക്കുകയും ചെയ്തു. “എന്റെ പേരിൽ ഡെബിറ്റ് കാർഡുകളും ചെക്ക് ബുക്കുകളും ഉണ്ടാക്കി എന്റെ അക്കൗണ്ടിൽ നിന്നു പണം വലിച്ചെടുത്തു.

“എനിക്കു വ്യാജമായ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ നൽകി. എന്റെ പേരിൽ വ്യാജ ഇമെയിൽ അക്കൗണ്ട് ഉണ്ടാക്കി. മൊബൈൽ നമ്പറും വ്യാജമായിരുന്നു. പണം പിൻവലിക്കുന്ന അറിയിപ്പുകൾ എനിക്കു കിട്ടാതിരിക്കാനുള്ള വിദ്യ.”

തട്ടിപ്പു നടന്നുവെന്നു ബാങ്കിന്റെ വക്താവ് സമ്മതിച്ചതായി ബി ബി സി റിപ്പോർട്ടിലുണ്ട്. കുറ്റവാളിയെ ശിക്ഷിക്കുമെന്നും പറയുന്നുണ്ട്. പക്ഷെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

2016ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ശർമയും ഭർത്താവും ഒരു സുഹൃത്ത് വഴിയാണ് ഈ ബാങ്ക് മാനേജരെ കണ്ടു മുട്ടിയത്. യുഎസിൽ കിട്ടുന്ന പലിശ നിസാരമായതു കൊണ്ടാണ് ഇന്ത്യയിൽ 5.5% മുതൽ 6% വരെ കിട്ടുന്ന അക്കൗണ്ട് തുറക്കാൻ അയാൾ നിർദേശിച്ചപ്പോൾ ശർമ കുടുംബം വീണു പോയത്.

ഡൽഹിക്കടുത്തു ഗുരുഗ്രാമിലാണ് എൻ ആർ ഇ അക്കൗണ്ട് തുറന്നത്. യുഎസിൽ നിന്നു പണം അങ്ങോട്ടു മാറ്റി.

നാലു വർഷത്തിനിടയിൽ ജീവിത കാലത്തെ സമ്പാദ്യം മുഴുവൻ പുതിയ അക്കൗണ്ടിലേക്കു മാറ്റിയെന്ന് ശർമ പറയുന്നു: 135 മില്യൺ രൂപ. പലിശ ഉൾപ്പെടെ 160 മില്യൺ രൂപയിലേക്കു എത്തേണ്ട പണം. കഴിഞ്ഞ ജനുവരിയിലാണ് പണം അപ്രത്യക്ഷമായതു കണ്ടെത്തിയത്. ഒരു അക്കൗണ്ടിൽ നിന്ന് 25 മില്യൺ രൂപയുടെ ഓവർഡ്രാഫ്റ്റും എടുത്തിരുന്നു.

ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ എത്തി അന്വേഷണം നടത്തിയെന്നു ശർമ പറയുന്നു. മുംബൈയിൽ നിന്നു വരെ ഉന്നതർ പറന്നെത്തി. ചതി നടന്നുവെന്ന് അവർ സമ്മതിച്ചു. അതിന്റെ കുറ്റവും ഏറ്റു. പക്ഷെ ആറാഴ്ചയിലേറെ കഴിഞ്ഞിട്ടും പരിഹാരമൊന്നും ഉണ്ടായില്ല. റിസർവ് ബാങ്കിനും ഡൽഹി പോലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനും പരാതി നൽകിയിട്ടും ഒന്നും സംഭവിച്ചിട്ടില്ല.

ബാങ്ക് 92.7 മില്യൺ രൂപ നൽകാമെന്നു പറഞ്ഞുവെങ്കിലും താൻ അതു നിഷേധിച്ചെന്നു ശർമ പറഞ്ഞു. “എനിക്കു കിട്ടാനുള്ളത് 160 മില്യൺ ആണ്. അന്വേഷണം കഴിയും വരെ അവർ വാഗ്‌ദാനം ചെയ്യുന്ന പണം മരവിച്ചു കിടക്കുകയും ചെയ്യും. എത്ര വർഷമെന്നും തീർച്ചയില്ല. എന്റേതല്ലാത്ത കുറ്റത്തിന് എന്തിനാണ് എന്നെ ശിക്ഷിക്കുന്നത്?”

LEAVE A REPLY

Please enter your comment!
Please enter your name here