ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കള്ളപ്പണമിടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. കേജ്‌രിവാളിന്‍റെ അറസ്റ്റും റിമാന്‍ഡും നിയമപരമെന്ന് വിധിച്ചുകൊണ്ടാണ്  ഡല്‍ഹി ഹൈക്കോടതിയുടെ ഗുരുതരമായ പരാമര്‍ശങ്ങള്‍. മാപ്പുസാക്ഷികളെ അവിശ്വസിച്ചാല്‍ നിയമവ്യവസ്ഥ മുന്നോട്ടു പോവില്ലെന്നും മുഖ്യമന്ത്രിക്കും സാധാരണക്കാരനും പ്രത്യേക നിയമമില്ലെന്നും ഹൈക്കോടതി വിധിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ അരിവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയെന്ന് ആംആദ്മിയുടെയും പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ഹൈക്കോടതി വിധി. അറസ്റ്റിനെയും റിമാന്‍ഡിനെയും ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങളാണ് ആംആദ്മിക്ക് പ്രഹരമാവുന്നത്. കോടതിക്ക് നിയമമാണ് പ്രധാനം രാഷ്ട്രീയമല്ലെന്ന വ്യക്തമാക്കിയാണ് ജസ്റ്റീസ് സ്വര്‍ണകാന്ത ശര്‍മ കേജ്രിവാളിന്‍റെ അറസ്റ്റ് ശരിവെച്ചത്. അറസ്റ്റിനെ തുടര്‍ന്ന്  റിമാന്‍ഡും നിയമം നോക്കിയാണെന്നും മറിച്ച് തിരഞ്ഞെടുപ്പ് സമയം നോക്കിയല്ലെന്നും കോടതി നിരീക്ഷിച്ചു. മദ്യനയത്തിന്‍റെ കേന്ദ്രബിന്ദുവും ഗൂഡാലോചനയുടെ സൂത്രധാരനും കേജ്രിവാളാണ്. കേജ്‌രിവാളിനെതിരെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയ തെളിവുകള്‍ കള്ളപ്പണം ബന്ധം സൂചിപ്പിക്കുന്നതാണ്.  വ്യക്തിയെന്ന നിലയിലും ആംആദ്മ പാര്‍ട്ടി കണ്‍വീനര്‍ എന്ന നിലയിലും കേജ്‌രിവാള്‍ കോഴവാങ്ങിയതിന്‍റെ തെളിവുകള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ടെന്ന്  കോടതി വിധിയില്‍ പറഞ്ഞു.

ഹവാല ഇടപാടുകാരുടെയും മാപ്പുസാക്ഷികളുടെയും, ആംആദ്മി സ്ഥാനാര്‍ഥിയുടെ തന്നെയും മൊഴികള്‍ പണം ഗോവ തിരഞ്ഞെടുപ്പിലേക്ക് ഒഴുകിയെന്ന് സ്ഥാപിക്കുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.   മാപ്പുസാക്ഷികള്‍ നൂറിലേറെ വര്‍ഷമായി നിയമവ്യവസ്ഥയുടെ ഭാഗമാണെന്നും അവരെ അവിശ്വസിച്ചാല്‍ നിയമവ്യവസ്ഥ മുന്നോട്ട് പോകില്ലെന്നും കോടതി പരാമര്‍ശിച്ചു. രാഷ്ട്രീയം കോടതിയുടെ മുന്നില്‍ പ്രസക്തമല്ല.  ആര്‍ക്കൊക്കെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കി, ആരൊക്കെ ഇലക്ടറല്‍ ബോണ്ട് വാങ്ങി എന്നതും കോടതിയുടെ ആശങ്കയല്ല. ഇത്  കേന്ദ്രസര്‍‍ക്കാരും കേജ്‌രിവാളും തമ്മിലുള്ള കേസ് അല്ലെന്നും  കേജ്രിവാളും ഇഡിയും തമ്മിലുള്ള കേസ് ആണെന്നും ജസ്റ്റീസ് സ്വര്‍ണ കാന്ത ശര്‍മ വിധിച്ചു. വിചാരണക്കോടിയുടെ അധികാരങ്ങളില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേജ്രിവാളിനെ മാപ്പുസാക്ഷികളെ ഉള്‍പ്പെട ക്രോസ് വിസ്താരം നടത്താമെന്നും പറഞ്ഞു. ആംആദ്മിയെ തകര്‍ക്കാനുള്ള വലിയ ഗൂഡാലോചനയാണ് മദ്യനയ അഴിമതി കേസെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ആംആദ്മി മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here