ഭുവനേശ്വര്‍: ഒഡീഷയില്‍ കളഹന്ദി ആവര്‍ത്തിക്കുന്നു. സൗജന്യമായി ആംബുലന്‍സുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നും പണമില്ലാത്തതിനാലും അമ്മയുടെ മൃതദേഹവുമായി യുവാവ് സൈക്കിള്‍ റിക്ഷയില്‍. ഒഡിഷയിലാണ് നാടിനെ വേദനയിലാഴ്ത്തി മകന്‍ അമ്മയുടെ മൃതദേഹവുമായി സൈക്കിള്‍ റിക്ഷ വലിച്ച് നീങ്ങിയത്.
ഒരു മാസം മുന്‍പ് ഭാര്യ മരണമടഞ്ഞപ്പോള്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പത്തുകിലോമീറ്റര്‍ മൃതദേഹം തോളിലേറ്റി നടന്ന ദനാ മാജിയുടെ ബന്ധത്തിലുളള ആദിവാസി കുടുംബത്തിനാണ് വീണ്ടും ദുരനുഭവം ഉണ്ടായത്. പനാ തിരിക എന്ന 65 വയസുളള ആദിവാസി യുവതിയെ ശനിയാഴ്ചയാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് ജയ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന് കണ്ട ഡോക്ടര്‍മാര്‍ കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചെങ്കിലും മരണമടയുകയായിരുന്നു. നിര്‍ധന കുടുംബങ്ങളില്‍ മരണമടയുന്നവര്‍ക്കായി സര്‍ക്കാര്‍മുന്‍കൈ എടുത്ത് സൗജന്യമായി മഹാപ്രയാണ എന്ന ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജയ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു ആംബുലന്‍സ് പോലും ഇല്ലായിരുന്നു. കൂടാതെ വിശ്വകര്‍മ്മ പൂജ ആയിരുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ മറ്റ് ആംബുലന്‍സുകളും ലഭിച്ചില്ല. നാലു കിലോമീറ്റര്‍ അകലെയുളള അങ്കുളയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കാന്‍ മറ്റ് വാഹനങ്ങള്‍ ആവശ്യപ്പെട്ട പണം നല്‍കുവാന്‍ പനാ തിരികയുടെ മകന്റെ കൈവശമില്ലായിരുന്നു. തുടര്‍ന്നാണ് സൈക്കിള്‍ റിക്ഷയില്‍ മൃതദേഹവുമേറ്റി മകന്‍ ഗുണ തിരികെ നാട്ടിലേക്ക് തിരിക്കുന്നതും. ജയ്പൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് ഇതെപ്പറ്റി തിരക്കിയെങ്കിലും അദ്ദേഹംഅതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ആഗസ്റ്റ് അവസാനമാണ് ഹരിയാനയിലെആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച ഭാര്യയുടെ മൃതദേഹം ആംബുലന്‍സില്‍ നാട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ ദനാ മാജി എന്ന യുവാവ് 10 കിലോമീറ്ററോളം മൃതദേഹം തോളിലേറ്റി മകള്‍ക്കൊപ്പം നടന്ന സംഭവമുണ്ടായത്. മൃതദേഹം വീട്ടിലെത്തിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും ആശുപത്രി അധികൃതരോട് ദനാ മാജി അഭ്യര്‍ഥിച്ചിരുന്നെങ്കിലും അവര്‍ കനിഞ്ഞില്ല. തുടര്‍ന്ന് മറ്റുമാര്‍ഗമില്ലാതെയാണ് പിറ്റേന്ന് മൃതദേഹം കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് തോളിലേറ്റി മകളുമായി വീട്ടിലേക്ക് നടന്നതും തുടര്‍ന്ന് രാജ്യം മുഴുവന്‍ ചര്‍ച്ചയായതും. ഇതെ ഒഡീഷയിലാണ് പണമില്ലാത്തതിനാല്‍ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ വീട്ടിലെത്തിക്കുന്ന സംഭവവും.

LEAVE A REPLY

Please enter your comment!
Please enter your name here