ഇന്‍ഡോര്‍: അമേരിക്കയിലെ നാസയില്‍ 1.8 കോടി ശമ്പളത്തില്‍ ജോലി ലഭിച്ചു എന്ന അവകാശ വാദവുമായി കഴിഞ്ഞ ഒരു മാസമായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും ഐ.എ.എസുകാരെയും സന്ദര്‍ശിച്ചു വന്നിരുന്ന യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ നിന്നുള്ള 22കാരനായ അന്‍സാര്‍ ഖാനാണ് അറസ്റ്റിലായത്. നാസയില്‍ തനിക്ക് ജോലി ലഭിച്ചതിനെ തുടര്‍ന്ന് തന്നെ അനുമോദിക്കാന്‍ ചടങ്ങുകള്‍ സംഘടിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് യുവാവ് ഉദ്യോഗസ്ഥരെ കണ്ടത്. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ഒപ്പോടു കൂടിയ നാസയുടെ ഐഡന്റിറ്റി കാര്‍ഡുമായാണ് ദേവാസിലെ പോലീസ് സൂപ്രണ്ട് ശശികാന്ത് ശുക്‌ളയെ കാണാന്‍ അന്‍സാര്‍ ഖാന്‍ എത്തിയത്.

സംശയം തോന്നിയ ശശികാന്ത് ശുക്‌ള അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ദേവാസ് ജില്ലയില്‍ താരമായി മാറിയിരുന്നു അന്‍സാര്‍ ഖാന്‍. ദേവാസിലെ കമലാപൂര്‍ നിവാസിയായ തന്റെ വീട്ടില്‍ സ്ഥാപിച്ച ഉപകരണം കാലാവസ്ഥ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നതായും വാഷിംഗ്ടണിലുള്ള നാസ സ്‌റ്റേഷനിലേക്ക് വിവരങ്ങള്‍ കൈമാറുന്നതായും അന്‍സാര്‍ അവകാശപ്പെട്ടിരുന്നു. അന്‍സാറിന്റെ വാക്കുകള്‍ വിശ്വസിച്ച കമലാപൂറിലെ പ്രാഥമിക വിദ്യാലയം കഴിഞ്ഞ ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിന ചടങ്ങില്‍ സ്ഥലത്തെ പ്രമുഖരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ അന്‍സാറിനായി അനുമോദന ചടങ്ങും സംഘടിപ്പിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കഴുത്തിലണിഞ്ഞ് നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അന്‍സാര്‍ ബന്ധപ്പെട്ടിരുന്നു.

അന്വേഷണത്തെ തുടര്‍ന്ന് അന്‍സാറിന് കേവലം 12ാം ക്‌ളാസ് വിദ്യാഭ്യാസ യോഗ്യത മാത്രമേയുള്ളൂ എന്നും ഇന്‍ഡോര്‍ കോളേജില്‍ ബി.എസ്.സി ഫസ്റ്റ് ഇയറിനായി പ്രവേശനം നേടിയിരുന്നതായും കണ്ടെത്തി. തട്ടിപ്പിനെ തുടര്‍ന്ന് അന്‍സാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here