ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസം ഇതിനകം ഒട്ടേറെ ദുരൂഹതകള്‍ക്കു വഴിതെളിച്ചു. ഈ ദുരൂഹതകള്‍ക്കിടെ കൂടുതല്‍ ദുരൂഹതയുയര്‍ത്തി ജയലളിതയുടേതെന്ന് അവകാശപ്പെടുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നു. ജയലളിതയ്ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് പിന്നാലെ ജനങ്ങളും മാധ്യമങ്ങളും ഓടുമ്പോഴാണ് പലതരത്തിലുള്ള പ്രചരണങ്ങള്‍ വ്യാപകമാകുന്നത്. വെന്റിലേറ്ററില്‍ കിടക്കുന്ന ഒരാളുടെ ചിത്രമാണ് ജയലളിതയുടെ ചിത്രമാണെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത്. ചിത്രത്തില്‍ ജയലളിതയല്ലെന്നും അമേരിക്കയിലെ ഒരു ആശുപത്രിയിലെ ഒരു രോഗിയുടെ ചിത്രമാണിതെന്നും മറുപ്രചരണമുണ്ട്. ഡിഎംകെ ആണ് ഇത്തരം അപവാദ പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും പറയുന്നു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ജയലളിതയ്ക്ക് കാന്‍സര്‍ ആണെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കിയതായും വ്യാജ പ്രചരണങ്ങള്‍ വന്നിരുന്നു. ജയലളിതയുടേതെന്ന തരത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും വ്യാജ പ്രചരണങ്ങളില്‍ പെടുന്നു. രണ്ടു ദിവസം മുമ്പ് ജയലളിത മരിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി പോസ്റ്റ് ചെയ്ത യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എ ഐ എ ഡി എം കെ നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അറിയിച്ചിട്ടുള്ളത്. അമ്മയോട് അസൂയയുള്ളവരാണ് ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സെപ്തംബര്‍ 22നാണ് പനിയെ തുടര്‍ന്ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here