ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹര്‍ജി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുമെന്നാണ് ഇവരുടെ ആരോപണം.

ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളെല്ലില്‍ കാക്കപ്പുള്ളിയുണ്ടെന്നുമാണ് ദമ്പതികള്‍ ഹാജരാക്കിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

ധനുഷിന്റെ ശരീരത്തില്‍ പ്രാഥമിക പരിശോധനയില്‍ ഈ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചുവെന്നായിരുന്നു ദമ്പതികളുടെ ആരോപണം. തുടര്‍ന്ന് മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി.

മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here