ന്യൂഡല്‍ഹി: ബിഹാറില്‍ ഭരണമുന്നണി രണ്ടായി പിളര്‍ത്തി ഭരണം പിടിച്ചെടുത്തതിനു പിന്നാലെ ഗുജറാത്തിലും പ്രതിപക്ഷനിരയെ ദുര്‍ബലപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും രാഷ്ട്രീയതന്ത്രങ്ങള്‍. ഇതോടെ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ബിജെപി ഭരണത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ എന്‍ഡിഎസര്‍ക്കാര്‍ നീങ്ങുകയാണ്.എന്നാല്‍ വിരുദ്ധകക്ഷികളെ മാത്രമല്ല വിപരീത ശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ മോദി ശ്രമിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രമുഖ വാര്‍ത്താചാനലായ എന്‍ഡി ടിവി അടച്ചുപൂട്ടിയ്ക്കാനുള്ള ശ്രമങ്ങള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശക്തമാക്കിയെന്നത് ഇതോടെ കൂട്ടിവായിക്കണം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഭരണകൂടത്തിന്റെ മൂന്ന് ഏജന്‍സികളില്‍ നിന്നാണ് എന്‍ഡി ടിവിയ്‌ക്കെതിരെ നീക്കമുണ്ടായിരിക്കുന്നത്. ആദായ നികുതി വകുപ്പ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എന്‍ഡി ടിവി നടപടി നേരിടുന്നത്. 429 കോടി രൂപ ഉടന്‍ അടയ്ക്കണമെന്നാണ് ആദായ നികുതിവകുപ്പിന്റെ കല്‍പ്പന. അമേരിക്കയില്‍ നിന്നും ചാനലില്‍ നിക്ഷേപിക്കപ്പെട്ട 150 ദശലക്ഷം ഡോളറിന്റെ ഇടപാടിന്മേലാണ് നടപടി. ഇടപാട് തട്ടിപ്പാണെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. എന്നാല്‍ സാമ്പത്തിക ഇടപാട് തീര്‍ത്തും നിയമാനുസൃമാണെന്നും ഔദ്യോഗികമായി വിജ്ഞാപനം ചെയ്തതുമാണെന്നും ചാനല്‍ വ്യക്തമാക്കി. ഗൂഢനീക്കമാണ് നടക്കുന്നതെന്നും മോഡി സര്‍ക്കാരിന്റെ വേട്ടയാടല്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണെന്ന് ചാനല്‍ പറഞ്ഞു.
ഇന്ത്യയും ലോകവും എതിരഭിപ്രായം പ്രകടിപ്പിക്കുന്ന സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഈ വേട്ടയാടലിനെ ഉറ്റു നോക്കുകയാണ്. സ്വതന്ത്ര മാധ്യമങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കേ ഇത് ജനാധിപത്യരാജ്യം എന്ന നിലയിലുള്ള ഇന്ത്യയുടെ കീര്‍ത്തിയെ വീണ്ടെടുക്കാനാവാത്ത വിധം വൃണപ്പെടുത്തും. എന്‍ഡി ടിവി
429 കോടി രൂപ സാവകാശം പോലും നല്‍കാതെ ‘ഇപ്പോള്‍ തന്നെ’ അടയ്ക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള ആദായ നികുതി വകുപ്പിന്റെ കത്ത് ഞെട്ടലുണ്ടാക്കിയെന്നും ചാനല്‍ പറഞ്ഞു. ആദായ നികുതി വകുപ്പ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം എന്‍ഡി ടിവിയില്‍ നടത്തേണ്ട കണക്കെടുപ്പ് പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ചാനല്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here