ചെന്നൈ:തമിഴ്‌നാട് വീണ്ടും റിസോര്‍ട്ട് രാഷ് ട്രീയത്തിലേക്ക്. സംസ്ഥാനത്തെ രാഷ്ട്രീയന്തരീക്ഷം വീണ്ടും കലുഷിതമാക്കി അണ്ണാഡിഎംകെയിലെ അധികാര വടംവലി. ടിടിവി ദിനകരന്‍ തന്റെ പക്ഷത്തുള്ള എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഒ പനീര്‍ശെല്‍വവും ഒന്നിച്ചപ്പോള്‍ ശക്തമായ അണ്ണാഡിഎംകെയില്‍ നിന്ന് 19 എംഎല്‍എമാരെ അടര്‍ത്തിമാറ്റിയാണ് ദിനകരന്റെ കരുനീക്കം. മൂന്ന് സ്വതന്ത്രന്‍മാരും അടക്കം 22 എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച മന്നാര്‍ഗുഡി സംഘം സര്‍ക്കാരിനെ വീഴ്ത്തി പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.
അണ്ണാഡിഎംകെയിലെ 19 എംഎല്‍മാര്‍ ഇന്ന് ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്നും പിന്തുണ പിന്‍വലിക്കുകയാണെന്നും അറിയിച്ചിരുന്നു. പിന്നാലെയാണ് ഇവരെ റിസോര്‍ട്ടിലേക്ക് മാറ്റി ദിനകരന്‍ കുരുക്ക് മുറുക്കിയത്. പനീര്‍ശെല്‍വം വിമതനായ സമയത്ത് എടപ്പാടി സര്‍ക്കാരിന് വിശ്വാസം നേടാന്‍ എംഎല്‍എമാരെ റിസോര്‍ട്ടിലടച്ചായിരുന്നു ശശികല പക്ഷം വോട്ട് ഉറപ്പാക്കിയത്. അത് തന്നെയാണ് മന്നാര്‍ഗുഡി സംഘം ഇത്തവണയും പയറ്റുന്നത്.
പ്രതിപക്ഷമായ ഡിഎംകെ വിശ്വാസവോട്ട് തേടണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ഗവര്‍ണറോട് മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി 19 എംഎല്‍എമാര്‍ രേഖാമൂലം അറിയിച്ചതോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിച്ചേക്കും.
ജയലളിതയുടെ മരണത്തോടെ 233 അംഗങ്ങളായി ചുരുങ്ങിയ തമിഴ്‌നാട് നിയമസഭയില്‍ 117 ആണ് കേവല ഭൂരിപക്ഷം. പനീര്‍ശെല്‍വം വിമതനായി നിന്ന സമയത്ത് 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസാമി വിശ്വാസ വോട്ടെടുപ്പ് ജയിച്ചത്. 11 എംഎല്‍എമാരാണ് ഒപിഎസ് പക്ഷത്തുണ്ടായത്. ഒപിഎസ് ഇപിഎസ് ലയനത്തോടെ അണ്ണാഡിഎംകെ ശക്തമായ നിലയിലെത്തിയപ്പോഴാണ് 19 എംഎല്‍എമാര്‍ ദിനകരനൊപ്പം കൂടിയത്. ഇതോടെ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീഴാനുള്ള സാധ്യത ഇരട്ടിയായി. പേരാമ്പൂര്‍ എംഎല്‍എ വെട്രിവേലിന്റെ നേതൃത്വത്തില്‍ 19 എംഎല്‍എമാരാണ് പളനിസാമിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ച് ഗവര്‍ണറെ കണ്ടത്. മുഖ്യമന്ത്രി പളനിസാമിയെ വിശ്വാസമില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് പരാതിയും നല്‍കി. അഴിമതി ആരോപണവും അധികാര ദുര്‍വിനിയോഗവുമാണ് എടപ്പാടിക്കെതിരായി ഉന്നയിച്ചിട്ടുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here