ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച ദേര സച്ചാ സൗദ തലവന്‍ റാം റഹീം സിങ്ങിന് കേരളത്തിലും ഭൂമി. വയനാട്ടിലാണ് റാം റഹീം സിങ്ങിന്റെ പേരില്‍ 40 ഏക്കര്‍ ഭൂമിയുളളത്. വൈത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിനോട് ചേര്‍ന്നാണ് ഇയാളുടെ ഭൂമി. ഇടക്കിടെ ഇവിടം സന്ദര്‍ശിക്കാന്‍ ഇയാള്‍ എത്തിയിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയിലാണ് റാം റഹീം സിങ് വയനാട്ടിലേക്ക് വന്നിരുന്നതും. 2012ലാണ് എറണാകുളം സ്വദേശിയില്‍ നിന്ന് ഗുര്‍മീത് റാം റഹീം സിങ് 40 ഏക്കര്‍ വിലയ്ക്ക് വാങ്ങുന്നത്.
റിസോര്‍ട്ട് തുടങ്ങാന്‍ വേണ്ടി 13 കോടി രൂപയ്ക്കായിരുന്നു ഭൂമി വാങ്ങിയത്. അന്നത്തെ വൈത്തിരി പഞ്ചായത്ത് സെക്രട്ടറി 25,000 ചതുരശ്രമീറ്ററില്‍ റിസോര്‍ട്ടിനായി അനുമതിയും നല്‍കി.അപേക്ഷ നല്‍കിയ അന്നുതന്നെ അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി വിവാദമായിരുന്നു. റിസോര്‍ട്ടിന് അനുമതി കിട്ടിയ ഉടന്‍ ഭൂമിയില്‍ നിന്നും വീട്ടി, തേക്ക്, മഹാഗണി എന്നീ വൃക്ഷങ്ങള്‍ മുറിച്ചുനീക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വനം വകുപ്പ് ഇടപെട്ടു. 2014ല്‍ വൈത്തിരി പഞ്ചായത്ത് ഇടപെട്ട് റിസോര്‍ട്ടിനുളള അനുമതി റദ്ദാക്കി. നേരത്തെ മൂന്നാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പ് റാം റഹീം സിങ് കേരളത്തില്‍ എത്തിയിരുന്നു. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ആലപ്പുഴയിലെ ലേക്ക് പാലസ് എന്ന റിസോര്‍ട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നതും. നാല്‍പ്പതംഗ സംഘവും ഒപ്പം ഉണ്ടായിരുന്നു. പാചകത്തിനായി പ്രത്യേക ഷെഫിനെയും ഒപ്പം കൂട്ടിയായിരുന്നു റാ റഹീം സിങ് ആലപ്പുഴയില്‍ തങ്ങിയത്.

വിവാദസ്വാമി കേരളത്തിലും വേരുറപ്പിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഢംബര ജീവിതം ശീലിച്ച ഇയാള്‍ വാഗമണ്ണിലായിരുന്നു ഏറെ നാള്‍ തമ്പടിച്ചിരുന്നത്. 2014ലാണ് ഗുര്‍മീത് വാഗമണ്ണലെത്തിയത്. ഹരിയാനയിലെ സാര്‍സ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തന്റെ സംഘടനയായ ഡേര സച്ചാ സൗദയിലേക്ക് അനുയായികളെ ചേര്‍ക്കാന്‍ ആശ്രമം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വരവിന്റെ ഉദ്ദേശമടക്കമുള്ള കാര്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ ഈ ആള്‍ ദൈവം തയ്യാറായിരുന്നില്ല. വന്‍ സാമ്പത്തിക ശേഷിയുള്ള സംഘടനയിലേക്ക് അണികളെ ചേര്‍ക്കാന്‍ ആകര്‍ഷണീയമായ നിരവധി പരിപാടികളായിരുന്നു ഇയാള്‍ നടത്തിയിരുന്നത്.
പ്രത്യേക ധ്യാനങ്ങളും പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്ന റാം, വലിയ സമ്മാനങ്ങള്‍ നല്‍കിയായിരുന്നു വാഗമണ്ണിലെ പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധാ കേന്ദമായി മാറിയിരുന്നത്. കനത്ത സുരക്ഷയ്ക്ക് നടുവില്‍ അമ്പതതിലധികം വാഹനങ്ങളുടെ അകമ്പടിയിലായിരുന്നു യാത്രകള്‍. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യാജ ഗുരുവിന് ബ്ലാക്ക് ക്യാറ്റിന് പുറമെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സുരക്ഷാ സേനയും കേരള, ഹരിയാന പൊലീസും സുരക്ഷ ഒരുക്കിയിരുന്നു. ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here