അഹമ്മദാബാദ്:ശതകോടീശ്വരന്‍ സുമിത് റാത്തോഡ് ഇനി ജൈന സന്യാസി സുമിത് മുനി. ഉപേക്ഷിച്ചതു നൂറു കോടിയുടെ സ്വത്ത്, ഭാര്യ അനാമിക, മൂന്നുവയസ്സുകാരി മകള്‍ ഇഭ്യ. മകളെ ഉപേക്ഷിച്ചു ദമ്പതികള്‍ ഒരുമിച്ചു ജൈന സന്യാസം സ്വീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അനാമികയുടെ ദീക്ഷ സ്വീകരിക്കുന്നതു മാറ്റിവച്ചതായി ജൈന ആചാര്യന്‍ രാംലാല്‍ മഹാരാജ് പ്രഖ്യാപിക്കുകയായിരുന്നു.

ശിശുവായ മകളെ ഉപേക്ഷിക്കുമ്പോഴുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പമാണു കാരണമെന്നു കരുതുന്നു. കുഞ്ഞുമായി ബന്ധപ്പെട്ട നിയമസങ്കീര്‍ണതകളെ സംബന്ധിച്ചു സര്‍ക്കാര്‍ തലത്തില്‍ സമുദായ നേതാക്കളുമായി വെള്ളിയാഴ്ച രാത്രി ചര്‍ച്ച നടന്നിരുന്നു. നേരത്തേ പൊലീസിനോടും ജില്ലാ ഭരണകൂടത്തോടും സംസ്ഥാന ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ദേശീയ മനുഷ്യാവകാശ കമ്മിഷനിലും പരാതി എത്തി.

എന്നാല്‍, മകളുടെ രക്ഷാകര്‍തൃത്വം അനാമികയുടെ പിതാവിനു നല്‍കിക്കൊണ്ടുള്ള സത്യവാങ്മൂലം തയാറാക്കിയതോടെ ദമ്പതികള്‍ ഒന്നിച്ചു സന്യാസം സ്വീകരിക്കുമെന്നു തന്നെയായിരുന്നു കരുതിയത്. അനാമികയുടെ ദീക്ഷ എന്നു നടക്കുമെന്ന് അറിയിച്ചിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here