ചെന്നൈ: രാജ്യത്ത് ആദായനികുതി വകുപ്പ് നടത്തിയ ഏറ്റവും വലിയ റെയ്ഡുകളിലൊന്നാണ് ഇന്നലെ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബംഗളൂരുവിലും ഡല്‍ഹിയിലുമായി പൂര്‍ത്തിയായി. മാധ്യമങ്ങള്‍ക്ക് ഒരു തുമ്പും നല്‍കാതെ രഹസ്യമായിട്ടായിരുന്നു നീക്കം. വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട ഉദ്യോഗസ്ഥ സംഘത്തിനായി വാഹനം ബുക്ക് ചെയ്തത് വിവാഹ ആവശ്യത്തിനെന്ന പേരില്‍ ഒരു സ്വകാര്യ ഏജന്‍സിയില്‍. ‘ശ്രീനി വെഡ്‌സ് മഹി’ എന്നെഴുതിയ പോസ്റ്ററുകള്‍ എല്ലാ വാഹനങ്ങളിലും പതിച്ചു. പുലര്‍ച്ചെ ആറു മണിയോടെ തുടങ്ങിയ റെയ്ഡിന് പിന്നില്‍ വലിയ രാഷ്ട്രീയ ചരടുവലികള്‍ ഉണ്ട്. കാലങ്ങളായി തമിഴ്‌നാടിന്റെ ഭരണം നിയന്ത്രിച്ചിരുന്ന സാമ്പത്തിക ശക്തിയും അധികാര കേന്ദ്രവുമെല്ലാമായിരുന്നു ശശികലയുടെ കുടുംബമായ മന്നാര്‍ഗുഡി മാഫിയ. അതിലേക്കാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ വിരല്‍ ചൂണ്ടിയത്.

തമിഴ്‌നാട്ടില്‍ വി.കെ.ശശികലയുടെയും ടി.ടി.വി.ദിനകരന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ആദായനികുതി പരിശോന വെറതെയല്ല. ശശികല പക്ഷത്തെ ഭയപ്പെടുത്തുക, ജയലളിതയുടെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുക, മന്നാര്‍ഗുഡി മാഫിയയുടെ സാമ്പത്തിക ആസ്തിയുടെ വലുപ്പമറിയുക.. അങ്ങനെ പല ലക്ഷ്യങ്ങളുണ്ട്. ആയിരത്തി എണ്ണൂറിലധികം ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത് എന്നത് തന്നെ കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. ഒ.പി.എസ്–ഇ.പി.എസ് ലയനസമയത്ത് ഉണ്ടാക്കിയ ഉടമ്പടികളിലൊന്നായിരുന്നു ജയ ടി.വിയും പാര്‍ട്ടി മുഖപത്രമായ നമതു എം.ജി.ആറും പിടിച്ചെടുക്കുക എന്നത്. പക്ഷേ അത് നടന്നിരുന്നില്ല. ശശികല ജയിലിലാണെങ്കിലും ദിനകരന്റെ ശക്തമായ നിയന്ത്രണത്തിലായിരുന്നു സ്ഥാപനം. ഈ രണ്ട് സ്ഥാപനങ്ങളിലുമാണ് പുലര്‍ച്ചയോടെ പരിശോധന തുടങ്ങിയത്. ജയ ടി.വിയുടെ ലൈവ് ടെലികാസ്റ്റിങ് നിര്‍ത്തിവെക്കണമെന്ന് വരെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടി.ടി.വി ദിനകരന്റെ പുതുച്ചേരിയിലെ ഫാം ഹൗസ്, അടയാറിലെ വീടിന് സമീപത്തെ കൃഷ്ണ അപ്പാര്‍ട്ട്‌മെന്റിലുള്ള ഓഫിസ്, ശശികലയുടെ വീട്, ഇളവരശിയുടെ മകന്‍ വിവേകിന്റെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസ്, ശശികല പരോളില്‍ ഇറങ്ങിയപ്പോള്‍ താമസിച്ച ചെന്നൈയിലെ കൃഷ്ണപ്രിയയുടെ വീട്, ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ തഞ്ചാവൂരിലെ വീട്, ജയലളിതയുടെ വീടായ വേദനിലയത്തിന് സമീപത്തെ ഓഫിസ് തുടങ്ങി ശശികലയുമായും ദിനകരനുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളിലും എല്ലാം റെയ്ഡ് നടന്നു.

വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് റെയ്ഡിന് പിന്നില്‍ എന്ന് വ്യക്തം. ശശികലയെയും തന്നെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ദിനകരന്‍ പറയുന്നത്. നോട്ട് നിരോധനത്തെ എതിര്‍ത്ത് ദിനകരന്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ റെയ്ഡു നടന്നതില്‍ ദിനകരന്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. എന്തായാലും നിലവിലെ ഒ.പി.എസ്–ഇ.പി.എസ് ഭരണം ബിജെപിയുടെ ചരടുവലിക്കനുസരിച്ചാണ് നീങ്ങുന്നതെന്ന് ദിനകരന്‍ ആവര്‍ത്തിക്കുന്നു. ജനം എല്ലാം കാണുന്നുണ്ടെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും എന്നും ദിനകരന്‍ ഇന്ന് പറഞ്ഞത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ഭീഷണിക്കു മുന്നില്‍ തോറ്റ് പിന്മാറാനില്ല എന്ന നിലാപാടാണ് പ്രകടമാകുന്നത്. എങ്കിലും രണ്ടില ചിഹ്നം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ എങ്ങനെ മുന്നോട്ട് പോകും എന്ന ആശങ്ക ദിനകരനെ കുഴക്കുന്നുമുണ്ട്.

 

ജയലളിതയുടെ ഭരണ ശേഷം തമിഴ്‌നാടിന്റെ രാഷ്ട്രീയ സ്വഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ജയലളിതയുണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലൊരു റെയ്ഡ് തന്നെ നടക്കില്ലെന്ന് പറയുന്നവരുണ്ട്. ശരിയാണ്, ശശികലയുടെ മന്നാര്‍ഗുഡി മാഫിയയെ തൊടാന്‍ കഴിഞ്ഞ ഇരുപത് കൊല്ലത്തോളം ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അത്രമാത്രം ശക്തരായ മന്നാര്‍ഗുഡി മാഫിയയുടെ എല്ലാ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡുനടത്തി. ഇതിന്റെ ഗുണവും ദോഷവും തമിഴ്‌നാട് രാഷ്ട്രീയം കാണിനിരിക്കുന്നതേയുള്ളൂ.

അനുകൂലികളുടെ വീടുകളിലും തന്റെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കമുമ്പോള്‍ വീട്ടില്‍ ഗോപൂജ ചെയ്യുകയായിരുന്നു ദിനകരന്‍ എന്നതാണ് കൗതുകം. ഒട്ടും കൂസലില്ലാതെ പുറത്ത് വന്ന് മാധ്യമങ്ങളെയും കണ്ടു. വരുന്ന പതിനാറാം തിയ്യതി തമിഴ്‌നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയും, എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത ഹര്‍ജിയുമെല്ലാം മദ്രാസ് ഹൈക്കോടതി പരിഗണിക്കും. അതിന് മുമ്പ് ചിലപ്പോള്‍ രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനവും ഉണ്ടാകും. അതോടെ രാഷ്ട്രീയ നീക്കങ്ങള്‍ വീണ്ടും സജീവമാകും. അതിന് മുമ്പ് ശശികല പക്ഷത്തെ അശക്തരാക്കാനുള്ള നീക്കമായാണ് റെയ്ഡ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ പെട്ടന്ന് അശക്തരാകില്ല മന്നാര്‍ഗുഡി സംഘം എന്നാണ് ദിനകരന്റെ ശരീര ഭാഷയും പ്രതികരണവും വ്യക്തമാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here