ഡല്‍ഹി: ബി.ജെ.പി ത്രിപുര ഭരണം പിടിക്കുമെന്ന അഭിപ്രായ സര്‍വേകളെ നിരാകരിച്ച് പുതിയ സര്‍വേ ഫലം. ത്രിപുര ഇന്‍ഫോ ഡോട്ട് കോം എന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം നടത്തിയ സര്‍വേയില്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷം അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

60 സീറ്റില്‍ തിരഞ്ഞെടുപ്പ് നടന്ന 59-ല്‍ 40നും 49 നും ഇടയില്‍ ഇടതുപക്ഷത്തിന് സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി സഖ്യകക്ഷികള്‍ക്ക് 10നും 19നും ഇടയില്‍ സീറ്റ് ലഭിക്കുമെന്നും, കോണ്‍ഗ്രസ്സിനും തൃണമൂലിനും ഒറ്റ സീറ്റു പോലും ലഭിക്കില്ലെന്നുമാണ് ത്രിപുര ഇന്‍ഫോ ഡോട്ട്‌കോം എക്‌സിറ്റ്‌പോള്‍ ഫലം വ്യക്തമാക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള തിരഞ്ഞെടുപ്പ് നടന്ന 29 സീറ്റില്‍ ഇടതുമുന്നണി 18നും 23നും ഇടയില്‍ സീറ്റ് നേടുമെന്നും, അതില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള 19 സീറ്റില്‍ 15നും 17നും ഇടയില്‍ സീറ്റ് ഇടതുമുന്നണി നേടുമെന്നും എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നു.

ഇടതുമുന്നണിക്ക് ലഭിക്കുന്ന സ്ഥിരമായ വോട്ടില്‍ നിന്ന് 10 ശതമാനം മറുഭാഗത്തേക്ക് തിരിഞ്ഞാല്‍ തന്നെയും ഏറ്റവും കുറഞ്ഞത് 40 സീറ്റ് നേടി ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്നും എക്‌സിറ്റ്‌പോള്‍ ഫലം വ്യക്തമാക്കുന്നു. 59 മണ്ഡലത്തിലെ 300 പോളിങ് സ്റ്റേഷനിലെ 30,000 പേരില്‍ നിന്നുള്ളവരുടെ അഭിപ്രായപ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫലമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here