ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെക്കുറിച്ച് ജെപിസി അന്വേഷണം നടത്തില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ ചോദ്യങ്ങള്‍ക്കും പാര്‍ലമെന്റില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. എച്ച്എഎല്ലിനെ ദുര്‍ബലപ്പെടുത്തിയത് യുപിഎ ആണെന്നും എ കെ ആന്റണി നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

റഫാല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നതെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. ജെപിസി അന്വേഷണത്തെ എതിര്‍ക്കുന്നതിലൂടെ സര്‍ക്കാര്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണെന്ന് ആന്റണി പറഞ്ഞു. ഇടപാടില്‍ മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്തു. യുപിഎ സര്‍ക്കാരിനെക്കാള്‍ വിലകുറച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെങ്കില്‍ എന്തിനാണ് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതെന്ന് മോദി വ്യക്തമാക്കണമെന്നും ആന്റണി ചോദിച്ചു. എണ്ണം കുറയ്ക്കാന്‍ മോദിയെ അധികാരപ്പെടുത്തിയത് ആരാണെന്നും അറിയണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

റഫാലില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അസത്യപ്രചാരണം നടത്തുകയാണ്. യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ എച്ച്എഎല്ലിന് അറിയില്ലെന്ന നിര്‍മല സീതാരാമന്റെ പ്രസ്താവന സ്ഥാപനത്തിന്റെ യശസിന് കളങ്കമുണ്ടാക്കിയെന്നും ആന്റണി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here