ന്യൂഡൽഹി: ചൈനയെ നേരിടാനുള്ള ആഗോള കാഴ്ചപ്പാട് ഇന്ത്യയ്ക്കുണ്ടാകണമെന്ന് രാഹുൽഗാന്ധി. സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിൽ മാത്രമാണ് പ്രധാനമന്ത്രി ശ്രദ്ധ പതിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും ഒരാൾ എന്നത് ദേശീയ കാഴ്ചപ്പാടിന് യോജിച്ചതല്ലെന്നും തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ രാഹുൽഗാന്ധി പറഞ്ഞു.

ചൈനയുമായുള്ള സാഹചര്യങ്ങളെ ആഗോള കാഴ്ചപ്പാടിൽ വേണം നേരിടേണ്ടത്. ചൈനയുടെ ബെൽറ്റ് ആന്റ് റോഡ് പദ്ധതി സാഹചര്യങ്ങളെ മാറ്റിമറിക്കാൻ പോകുന്നതാണ്. ഇന്ത്യയ്ക്കും ഒരു ആഗോള കാഴ്ചപ്പാട് വേണം. നമ്മൾ ചിന്തിക്കുന്ന രീതിയിൽ മാറ്റം വരണമെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രിക്ക് രാജ്യത്തെപ്പറ്റി കൃത്യമായൊരു കാഴ്ചപ്പാടില്ല. പ്രധാനമന്ത്രി എതിർപക്ഷത്തുള്ള ആളാണെന്നറിയാം. ചോദ്യങ്ങൾ ചോദിച്ചും അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയും അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടില്ല അതുകൊണ്ടാണ് ഇന്ന് ചൈന ഇങ്ങനെ ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ചൈനയോട് ഇടപഴകേണ്ടത് മാനസികമായി കരുത്തോടെ ആവണം. കരുത്തോടെ ഇടപഴകുന്നുവെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്നത് നേടാൻ സാധിക്കും.

വലിയ അവസരങ്ങളാണ് നഷ്ടപ്പെട്ടത്. നമുക്ക് ദീർഘവീക്ഷണമില്ല. വലുതായി ചിന്തിക്കാൻ നമുക്ക് സാധിക്കുന്നില്ല. ആഭ്യന്തരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് നമ്മുടെ ശ്രദ്ധയത്രയും. രാഷ്ട്രീയത്തിന്റെ പേരിൽ നമ്മൾ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here