ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ച ബാബ്‌റി മസ്ജിദ് കേസിന് വിരാമമാകുമ്പോൾ കേസിലെ പ്രതികളായ 32 പേരേയും വെറുതെ വിട്ടിരിക്കുകയാണ് ലഖ്‌നൗ സി.ബി.ഐ കോടതി. 1885ൽ അയോദ്ധ്യയിലെ റാം ചബൂത്ര സ്ഥിതി ചെയ്ത സ്ഥലത്ത് ക്ഷേത്രനിർമ്മാണത്തിന് അനുമതി തേടി മഹന്ത് രഘുബർദാസ് ഫൈസാബാദ് കോടതിയെ സമീപിച്ചതോടെയാണ് അയോദ്ധ്യയിലെ നിയമ പോരാട്ടങ്ങൾ ആരംഭിക്കുന്നത്. അന്ന് കോടതി മഹന്ത് രഘുബർദാസിന്റെ ആവശ്യം തള്ളി.1949 ഡിസംബർ 22ന് ബാബറി മസ്ജിദിന്റെ പ്രധാന മകുടത്തിന് കീഴിൽ ഒരു രാമവിഗ്രഹം ആരോ സ്ഥാപിച്ചതോടെയാണ് അയോദ്ധ്യ തർക്കം പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. അതേസമയം തന്നെ ഫൈസാബാദ് കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് കേസ് എത്തുകയും ചെയ്‌തിരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ അദ്വാനി നയിച്ച രഥയാത്രയോടെ രാമക്ഷേത്രം ഒരു രാഷ്ട്രീയ അജണ്ടയായി മാറിയതിന് രാജ്യം സാക്ഷ്യം വഹിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കമായിരുന്നു അത്. 1992 ഡിസംബർ 6ന് നടന്ന കർസേവയ്ക്കിടെ ബാബറി മസ്ജിദ് തകർത്തു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിറവും ഇതോടെ മാറാൻ തുടങ്ങി. പല സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിന്റെ ഇടനാഴികളിലേക്ക് നടന്നുതുടങ്ങി. അതുപിന്നെ രാജ്യത്തിന്റെ താക്കോൽ സ്ഥാനങ്ങളിലേക്ക് ബി.ജെ.പിയെ പടിപടിയായി എത്തിച്ചു.1992ൽ അയോദ്ധ്യയിൽ രണ്ട് എഫ്.ഐ.ആറുകളാണ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌തത്. പേരറിയാത്ത കർസേവകരായിരുന്നു ആദ്യ എഫ്.ഐ.ആറിലെ പ്രതികൾ. രണ്ടാമത്തെ എഫ്.ഐ.ആറിൽ സ്ഥലത്തുണ്ടായിരുന്ന ബി.ജെ.പി നേതാക്കളെ പ്രതികളാക്കി.

തുടർന്ന് തൊട്ടടുത്ത വർഷം ബാബറി മസ്ജിദ് തകർക്കൽ അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എം.എസ് ലിബർഹാൻ അദ്ധ്യക്ഷനാക്കി കമ്മിഷനെ കേന്ദ്രസർക്കാർ നിയോഗിച്ചു. തുടർന്ന് ക്രിമിനൽ കേസ് സി.ബി.ഐ ഏറ്റെടുക്കുകയും അദ്വാനിക്കും മറ്റ് 19 പേർക്കുമെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തുകയും ചെയ്‌തു.1993ലാണ് കേസിന്റെ വിചാരണയ്‌ക്കായി പ്രത്യേക സി.ബി.ഐ കോടതി സ്ഥാപിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ 1996ൽ എ.ബി വാജ്പേയി ഇന്ത്യയുടെ ആദ്യ ബി.ജെ.പി പ്രധാനമന്ത്രിയായി. 13 ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളു ആ മന്ത്രിസഭക്ക്. എന്നാൽ, രണ്ട് വർഷത്തിന് ശേഷം കൂടുതൽ കരുത്തോടെ അധികാരത്തിലെത്തി.രണ്ടായിരത്തിന്റെ തുടക്കത്തിൽ അദ്വാനി, ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ് എന്നിവർക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചന കുറ്റം അലഹബാദ് ഹൈക്കോടതി എടുത്തു കളഞ്ഞു. നേതാക്കൾക്കെതിരായ ഗൂഢാലോചനാക്കേസ് ലഖ്നൗ കോടതിയിലേക്ക് മാറ്റിയത് നടപടിക്രമങ്ങൾ പാലിച്ചല്ലായെന്നായിരുന്നു കോടതി നിരീക്ഷണം.

തുടർന്ന് അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, ബാൽതാക്കറെ ഉൾപ്പടെ ചില പ്രതികളെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി.2004ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.പി.എ സർക്കാർ കേന്ദ്രത്തിൽ തിരിച്ചെത്തിയതോടെ അദ്വാനിയെ കുറ്റവിമുക്തനാക്കിയ നടപടി പുന:പരിശോധിക്കാൻ യു.പി കോടതി ഉത്തരവിട്ടു. വാജ്പേയിയും അദ്വാനിയും മുരളീമനോഹർ ജോഷിയും വ്യാജ മിതവാദികളെന്നും പള്ളിതകർക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളായിരുന്നെന്നും സംശയത്തിന്റെ ആനുകൂല്യം ഇവർക്ക് നൽകരുതെന്നും വന്ന റിപ്പോർട്ട് പാർലമെന്റിൽ വൻ ഒച്ചപ്പാട് സൃഷ്‌ടിച്ചു.2010ൽ ബി.ജെ.പി നേതാക്കളെ കുറ്റവിമുക്തരാക്കിയുള്ള കീഴ്‌ക്കോടതി തീരുമാനം അലഹാബാദ് ഹൈക്കോടതി ശരിവച്ചെങ്കിലും വിധിക്കെതിരെ സി.ബി.ഐ പുന:പരിശോധന ഹർജി സമർപ്പിക്കുകയായിരുന്നു. ബാബറി മസ്ജിദ് കേസിൽ നിന്ന് അദ്വാനിയേയും മറ്റ് നേതാക്കളെയും കുറ്റവിമുക്തരാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രിമിനൽ ഗൂഢാലോചനകുറ്റത്തിന് വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. എന്നാൽ കല്ല്യാൺ സിംഗ് രാജസ്ഥാൻ ഗവർണർ ആയതിനാൽ പട്ടികയിൽ നിന്ന് ഒഴിവാക്കി.രണ്ടായിരത്തി പതിനേഴിൽ ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവർക്കെതിരെ സി.ബി.ഐ പ്രത്യേക കോടതി ക്രിമിനൽ ഗൂഢാലോചന കുറ്റംചുമത്തിയെങ്കിലും ഇവർ ഹാജരായതിന് ശേഷം ജാമ്യം നൽകി.രണ്ട് വർഷത്തിന് ശേഷം വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി അനുവദിക്കണമെന്ന് വിചാരണ കോടതി പ്രത്യേക ജഡ്ജി സുപ്രീം കോടതിക്ക് കത്തെഴുതി. അതിനിടെ, 2019 നവംബർ ഒമ്പതിന് അയോദ്ധ്യ കേസിൽ സുപ്രീംകോടതി വിധി വന്നു.

തർക്കഭൂമി ക്ഷേത്ര നിർമ്മാണത്തിന് അനുവദിച്ചു. ഇതോടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞ പ്രധാന വാഗ്‌ദാനം പാലിക്കാൻ മോദി സർക്കാരിനായി.2019 നവംബർ പതിനൊന്നിന് മുൻ യു.പി മുഖ്യമന്ത്രിയും നിലവിൽ രാജസ്ഥാൻ ഗവർണറുമായ കല്യാൺ സിംഗിനെതിരെ അരഡസനിലകം തെളിവുകൾ സി.ബി.ഐ നിരത്തി. 1026 സാക്ഷികളിൽ മൂന്നൂറിൽപ്പരം ആളുകൾ കോടതിയിൽ ഹാജരായി മൊഴി നൽകി. തുടർന്ന് ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി 2020 ഓഗസ്റ്റ് 31നകം വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശം നൽകി. 2020 ഓഗസ്റ്റ് 22ന് വിചാരണ പൂർത്തിയാക്കാൻ കോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. 2020 സെപ്തംബർ 30ന് എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടു. ബാബ്റി മസ്ജിദ് തകർത്തത് ആസൂത്രിതമായല്ല എന്നായിരുന്നു കോടതി നിരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here